വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പോലീസിനെതിരേ ഹൈക്കോടതി: ‘പോലീസിനെതിരായ കേസ് പോലീസ് അന്വേഷിക്കുന്നത് ശരിയല്ല’

single-img
27 April 2018

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലക്കേസില്‍ പോലീസിന്റെ അന്വേഷണത്തിനെതിരെ ഹൈക്കോടതി. പോലീസിനെതിരായ പരാതി പോലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.

കേസ് സി.ബി.ഐയ്ക്ക് വിടുന്നതില്‍ കോടതി സര്‍ക്കാരിന്റെയും സി.ബി.ഐയുടെയും വിശദമായ സത്യവാങ്ങമൂലം തേടി. കേസ് അന്വേഷണം ശരിയായ ദിശയിലാണെന്നും നാലു പേരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അടുത്ത മാസം നാലിന് കേസ് വീണ്ടും പരിഗണിക്കും.

കസ്റ്റഡി മരണത്തില്‍ ഉന്നതര്‍ക്കും പങ്കുണ്ടെന്നും പോലീസ് അന്വേഷണത്തില്‍ അത് വ്യക്തമാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിയായ കേസ് പോലീസുകാര്‍ ഭാവിയില്‍ അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

ബി.ജെ.പി ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനും കേസില്‍ കക്ഷി ചേര്‍ന്നു. ബി.ജെ.പി പ്രവര്‍ത്തകരെ കേസില്‍ പെടുത്തി ഇല്ലായ്മ ചെയ്യാനുള്ള ഗൂഢാലോചന ആലുവ റൂറല്‍ എസ്.പിയായ എ.വി ജോര്‍ജിന്റെ ഭാഗത്തുനിന്ന് ഉണ്ടായി എന്നും രാധാകൃഷ്ണന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.

പൊലീസുകാര്‍ക്കെതിരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്ന് മനുഷ്യാവകാശ കമീഷന്‍ ആക്ടിങ് ചെയര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ കമീഷന്‍ കേസില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം അദ്ദേഹത്തിന്റെ പണിയെടുത്താല്‍ മതിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും കമീഷനെതിരെ രംഗത്തെത്തിയിരുന്നു.