കത്വവ പെണ്‍കുട്ടി നേരിട്ടതിന് സമാനമായ അനുഭവങ്ങളാണ് തനിക്കുണ്ടായത്; ഷമിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഹസിന്‍ ജഹാന്‍

single-img
27 April 2018

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഹസിന്‍ ജഹാന്‍ വീണ്ടും രംഗത്ത്. കത്വവയിലെ പെണ്‍കുട്ടി നേരിട്ടതിന് സമാനമായ അനുഭവങ്ങളാണ് താനും നേരിട്ടതെന്നും തന്നെയും ബലാത്സംഗം ചെയ്തതിന് ശേഷം കൊല്ലാനായിരുന്നു ഷമിയുടെ കുടുംബത്തിന്റെ പദ്ധതിയെന്നും ഹസിന്‍ ആരോപിച്ചു.

കത്വവ ബലാത്സംഗക്കൊലയില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയില്‍ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹസിന്‍. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് തീര്‍ച്ചയായും ശിക്ഷ ലഭിക്കണം. ഞാനും ഇതുപോലൊരു സംഭവത്തിന്റെ ഇരായായിരുന്നു.

പക്ഷെ ഞാന്‍ ഇന്ന് ജീവിച്ചിരിപ്പുണ്ട്. അവരെന്നെ ബലാത്സംഗം ചെയ്യാനും, കൊല്ലാനുമായിരുന്നു പദ്ധതിയിട്ടത്. രണ്ട് മാസമായി അതിനെതിരെ പോരാടുകയാണെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു. എന്നാല്‍ ഹസിന്റെ ആരോപണങ്ങളില്‍ പ്രതികരിക്കാന്‍ ഷമിയുടെ കുടുംബം തയ്യാറായില്ല.

നേരത്തെ, ഹസിന്റെ പരാതിയില്‍ ഷമിക്കും കുടുംബത്തിനുമെതിരെ ഗാര്‍ഹികപീഡനത്തിന് കേസെടുത്തിരുന്നു. ഗാര്‍ഹിക പീഡനത്തിലെ പല വകുപ്പുകളില്‍ പെടുത്തിയാണ് ജഹാന്റെ പരാതിയില്‍ പൊലീസ് ഷമിക്കെതിരേയും കുടുംബത്തിനെതിരേയും കേസെടുത്തിരിക്കുന്നത്.

മെയ് നാലിനാണ് കേസ് വീണ്ടും കേള്‍ക്കുന്നത്. ഷമി, അമ്മ അഞ്ജുമാന്‍ അരേ ബീഗം, സഹോദരി സബീനാ അഞ്ജും, സഹോദരന്‍ മുഹമ്മദ് ഹസീബ് അഹമ്മദ്, ഇയാളുടെ ഭാര്യ ഷമ പര്‍വീണ്‍ എന്നിവര്‍ക്കെതിരേയാണ് ജഹാന്‍ ഹര്‍ജി ഫയല്‍ ചെയ്തത്. മാര്‍ച്ച് 8 നായിരുന്നു ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഐ.പി.എല്ലില്‍ ഡല്‍ഹിക്കായി കളിക്കുന്ന ഷമിയോട് ഈയിടെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ കൊല്‍ക്കത്ത പൊലീസ് ആവശ്യപ്പെട്ടിരുന്നു.