പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചു; 26 രക്ഷിതാക്കള്‍ അറസ്റ്റില്‍

single-img
27 April 2018

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ഡ്രൈവിങ് തടയാന്‍ കര്‍ശന നടപടികളുമായി ഹൈദരാബാദ് പൊലീസ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 26 കുട്ടികളുടെ മാതാപിതാക്കളെയാണ് ഹൈദരാബാദ് പൊലീസ് ജയിലിലേക്കയച്ചത്. മാര്‍ച്ചില്‍ 20 മാതാപിതാക്കളെയും ഏപ്രിലില്‍ 6 മാതാപിതാക്കളെയുമാണ് കോടതി ഈ കുറ്റത്തിന് ജയിലിലേക്കയച്ചത്.

നിര്‍ബന്ധിത കൗണ്‍സിലിങ് പദ്ധതികളും പൊലീസ് ഏര്‍പ്പെടുത്തിയിരുന്നു. എന്നിട്ടും വണ്ടിയോടിക്കുന്ന പ്രായപൂര്‍ത്തിയാകാത്തവരുടെ എണ്ണം കൂടിയ പശ്ചാത്തലത്തിലാണ് പൊലീസ് കടുത്ത നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്.

കുട്ടികള്‍ വാഹനം ഓടിച്ചുണ്ടാകുന്ന അപകടം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് നിയമം ശക്തമാക്കാന്‍ തീരുമാനിച്ചത്. കുട്ടികള്‍ വാഹനമോടിക്കുന്നത് അവരുടെ ജീവനെന്ന പോലെ മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കും. ഇക്കാര്യം രക്ഷിതാക്കളെ കൂടി ബോധ്യപ്പെടുത്തിക്കൊടുക്കാനാണ് നിയമം ശക്തമാക്കിയതെന്ന് പോലീസ് പറഞ്ഞു.

പോലീസ് പിടിയിലാവുന്ന രക്ഷിതാക്കള്‍ക്ക് നിര്‍ബന്ധിത കൗണ്‍സിലിങ്ങും, ബോധവത്കരണവും നല്‍കി മാത്രമാണ് പറഞ്ഞ് വിടുന്നത്. നടപ്പാതയില്‍ കിടന്നുറങ്ങിയ ചെരുപ്പുകുത്തിയെ രാത്രി പാര്‍ട്ടി കഴിഞ്ഞ് കാറോടിച്ച നാല് എന്‍ജിനീയറിങ് വിദ്യര്‍ഥികള്‍ വണ്ടികയറ്റി കൊന്ന സംഭവം കഴിഞ്ഞ ആഴ്ചയാണ് ഉണ്ടായത്.