കോണ്‍ഗ്രസുമായുള്ള ബന്ധത്തെ ചൊല്ലി സിപിഐ കേരളഘടകത്തില്‍ ഭിന്നത

single-img
27 April 2018

കൊല്ലം: കോണ്‍ഗ്രസുമായുള്ള ബന്ധത്തെ ചൊല്ലി സിപിഐ കേരളഘടകത്തില്‍ ഭിന്നത ഉടലെടുക്കുന്നു. കൊല്ലത്ത് നടക്കുന്ന സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്ന ചര്‍ച്ചയിലാണ് കേരളത്തിലെ പ്രതിനിധികള്‍ക്കിടയിലെ ഭിന്നത പുറത്തുവന്നത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ഗ്രൂപ്പ് ചര്‍ച്ചയില്‍ പ്രതിനിധികള്‍ ഭിന്നത പരസ്യമായി പ്രകടിപ്പിക്കുകയായിരുന്നു.

പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം മറയില്ലാതെ തുറന്ന് പ്രഖ്യാപിക്കണമെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പ്രസാദ് അഭിപ്രായപ്പെട്ടു. എന്നാല്‍ ആര്‍ ലതാദേവി ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ ശക്തമായി എതിര്‍ത്തു. നിലവിലെ സാഹചര്യത്തില്‍ ഇടത് ഐക്യം ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് ലതാദേവി അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസിന്റെ പേര് ഒരിടത്തും പരാമര്‍ശിക്കാതെയാണ് കോണ്‍ഗ്രസുമായുള്ള ബന്ധത്തെ കുറിച്ച് പാര്‍ട്ടിയുടെ കരട് രാഷ്ട്രീയപ്രമേയത്തില്‍ വ്യക്തമാക്കുന്നത്. എല്ലാ മതേതരപാര്‍ട്ടികളുമായും യോജിച്ച് ആര്‍എസ്എസിനെയും ബിജെപിയെയും പരാജയപ്പെടുത്തണമെന്ന് പ്രമേയത്തില്‍ പറയുന്നു.

ചര്‍ച്ചയില്‍ സിപിഐ കേന്ദ്രനേതൃത്വത്തിനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കേന്ദ്രനേതൃത്വം പ്രവര്‍ത്തിക്കുന്നത് പ്രേതാലയത്തെ പോലെയാണെന്ന് ജനയുഗം എഡിറ്റര്‍ കൂടിയായ രാജാജി മാത്യു തോമസ് വിമര്‍ശിച്ചു. കേന്ദ്രസെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്നും യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും വിഎസ് സുനില്‍ കുമാര്‍ അഭിപ്രായപ്പെട്ടു. കേന്ദ്രനേതൃത്വം പ്രസംഗമത്സരത്തില്‍ പങ്കെടുക്കുന്നവരെ പോലെയാണെന്നായിരുന്നു മറ്റൊരംഗത്തിന്റെ വിമര്‍ശനം.