ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കില്ല

single-img
27 April 2018

കൊച്ചി: ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ കയറുന്ന ഒരു വിദ്യാര്‍ഥിക്കും കണ്‍സഷന്‍ നിരക്ക് അനുവദിക്കില്ലെന്ന് സ്വകാര്യ ബസുടമകളുടെ സംഘടന പ്രഖ്യാപിച്ചു. വരുന്ന അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ഥികളില്‍ നിന്നും മുഴുവന്‍ നിരക്കും സ്വകാര്യ ബസുകള്‍ ഈടാക്കും.

ഇന്ധന വില വര്‍ധനവിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ബസ് ഉടമകള്‍ പറഞ്ഞു. ഡീസല്‍ വില വര്‍ധനവ് കാരണം വ്യവസായം വലിയ പ്രതിസന്ധി നേരിടുന്നുവെന്നും ബസ് ചാര്‍ജ് കൂട്ടണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും ബസ് ഉടമകള്‍ പറഞ്ഞു.

ബസില്‍ 60 ശതമാനം യാത്രക്കാരും വിദ്യാര്‍ത്ഥികളാണ്. സര്‍ക്കാര്‍ യാതൊരു ആനുകൂല്യങ്ങളും നല്‍കാത്ത സാഹചര്യത്തില്‍ ഇളവുകള്‍ നല്‍കാന്‍ കഴിയില്ലെന്നും ജൂണ്‍ ഒന്ന് മുതല്‍ എല്ലാ യാത്രക്കാരില്‍ നിന്നും മുഴുവന്‍ തുകയും ഈടാക്കുന്നും ബസ് ഓണേഴ്‌സ് അസോസിയേഷന്‍ കമ്മിറ്റി വ്യക്തമാക്കി.

വിദ്യാര്‍ഥികള്‍ കണ്‍സഷന്‍ നിരക്കില്‍ യാത്ര ചെയ്യുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാനും ബസുടമകളുടെ സംഘടന ആലോചിക്കുന്നുണ്ട്. വിഷയത്തില്‍ നിന്നും ഇനി പിന്നോട്ടില്ലെന്നാണ് ബസുടമകളുടെ നിലപാട്. അടുത്തിടെ സ്വകാര്യ ബസുടമകള്‍ നടത്തിയ സമരത്തിലെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധന.

എന്നാല്‍ നിരക്ക് വര്‍ധിപ്പിച്ച സര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കാന്‍ തയാറായിരുന്നില്ല. തുടര്‍ന്ന് ഈ വിഷയത്തില്‍ സ്വകാര്യ ബസുടമകള്‍ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ബസുകള്‍ പിടിച്ചെടുക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് നീക്കം തുടങ്ങിയതോടെ ബസുടമകള്‍ സമരം പിന്‍വലിക്കുകയായിരുന്നു.