സുപ്രീംകോടതി ജഡ്ജി നിയമനത്തില്‍ പ്രതിഷേധം ശക്തം; അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്ത്

single-img
26 April 2018

സുപ്രീം കോടതി ജഡ്ജിയായി ഇന്ദു മല്‍ഹോത്രയെ മാത്രം നിയമിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയിലുള്ള അതൃപ്തി പരസ്യപ്പെടുത്തി മുതിര്‍ന്ന ജഡ്ജിമാര്‍. സുപ്രീംകോടതി കൊളീജിയം ഇന്ദു മല്‍ഹോത്രയ്‌ക്കൊപ്പം നിര്‍ദേശിച്ച ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസ് കെ.എം ജോസഫിനെ ജഡ്ജിയായി നിയമിക്കാത്തതാണ് അതൃപ്തിക്ക് കാരണം.

കൊളീജിയത്തിന്റെ ശുപാര്‍ശ ഉണ്ടായിട്ടും ജസ്റ്റീസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചില്ല. അതേസമയം അദ്ദേഹത്തിന്റെ പേരിനൊപ്പം കൊളീജിയം ശുപാര്‍ശ ചെയ്ത മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കുകയും ചെയ്തു.

ഇതാണ് മുതിര്‍ന്ന ജഡ്ജിമാരെ ചൊടിപ്പിച്ചത്. രാവിലെയുള്ള ജഡ്ജിമാരുടെ യോഗത്തിലാണ് ഇന്ദുവിനെ മാത്രം നിയമിക്കാനുള്ള നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയത്. ഇന്ദുവിന്റെ സത്യപ്രതിജ്ഞ മാറ്റിവെയ്ക്കണമെന്ന് യോഗത്തില്‍ ഇന്ദിരാ ജെയ്‌സിങ് ആവശ്യപ്പെട്ടു. ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന് ജഡ്ജിമാര്‍ വീണ്ടും ആവശ്യപ്പെടുകയും ചെയ്തു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോടുപോലും അഭിപ്രായം തേടാതെ ഏകപക്ഷീയമായാണു സര്‍ക്കാര്‍ കെ.എം. ജോസഫിനെ തഴഞ്ഞ് ഇന്ദു മല്‍ഹോത്രയെ നിയമിക്കാന്‍ തീരുമാനമെടുത്തതെന്നാണു പുറത്തുവരുന്ന വിവരം. കേന്ദ്രത്തിന്റെ ഏകപക്ഷീയ തീരുമാനത്തില്‍ ഉന്നത ജുഡീഷ്യറി ആശങ്കാകുലരാണെന്നും കൊളീജിയത്തിന്റെ നിര്‍ദേശങ്ങള്‍ തള്ളിയ നടപടിയില്‍ ജഡ്ജിമാര്‍ അസംതൃപ്തരാണെന്നുമാണു റിപ്പോര്‍ട്ടുകള്‍.

പേരുകള്‍ ഒഴിവാക്കുന്നതിനെക്കുറിച്ചോ തീരുമാനമെടുത്തതിനുശേഷമോ ചീഫ് ജസ്റ്റിസിനെ ഇത് അറിയിച്ചിരുന്നില്ലെന്നാണു വ്യക്തമാകുന്നത്. കൊളീജിയത്തിന്റെ ഭാഗമായുള്ള ജഡ്ജിമാരെയും കേന്ദ്രത്തിന്റെ ഈ നീക്കം വിഷമത്തിലാക്കി. സാമ്പ്രദായിക നടപടിക്രമങ്ങളുടെ പൂര്‍ണ ലംഘനമാണു കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും ഇതു രാജ്യത്തെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും പല ജഡ്ജിമാരും വിശ്വസിക്കുന്നു.

2016 ഏപ്രിലില്‍ ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ചു രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. രാഷ്ട്രപതിക്കും തെറ്റു സംഭവിക്കാമെന്ന നിരീക്ഷണത്തോടെയായിരുന്നു വിധി.

ഇതിനെതിരെ കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നു. ഇതിനുള്ള പ്രതികാര നടപടിയായിട്ടാണു ജോസഫിന്റെ ശുപാര്‍ശയിന്മേല്‍ കേന്ദ്രം തീരുമാനമെടുക്കാത്തതെന്നാണു നിയമവൃത്തങ്ങള്‍ ആരോപിക്കുന്നത്.

സുപ്രീംകോടതിയിലേക്ക് ഉയര്‍ത്താനുള്ള ശുപാര്‍ശയ്ക്കു മുന്‍പു ജസ്റ്റിസ് കെ.എം.ജോസഫിനെ ഉത്തരാഖണ്ഡില്‍നിന്നു മദ്രാസ് ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റാനും കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. അക്കാര്യത്തിലും കേന്ദ്രം തീരുമാനമെടുത്തില്ല. നിലവിലുള്ള ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരില്‍ ഏറ്റവും സീനിയറാണു ജസ്റ്റിസ് ജോസഫ്. എങ്കിലും അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജി അല്ലെന്നാണു നിയമന ശുപാര്‍ശയില്‍ തീരുമാനമെടുക്കാതിരിക്കുന്നതിനുള്ള കാരണമായി കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്.