കേരളത്തിനെതിരെ ദേശീയതലത്തില്‍ സംഘപരിവാറിന്റെ വ്യാജപ്രചരണം: ബംഗ്ലാദേശിലെ സ്ത്രീ ആക്രമിക്കപ്പെട്ട സംഭവത്തെ കേരളത്തിലെ ഹിന്ദുമതക്കാര്‍ക്കു നേരെയുള്ള ആക്രമണമാക്കി

single-img
26 April 2018

2017 ഒക്ടോബര്‍ എട്ടിന് സപ്‌റ്റോദിശ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ വന്ന ബംഗ്ലാദേശി യുവതിയുടെ ഫോട്ടോയാണ് വ്യാജപ്രചരണത്തിനായി സംഘപരിവാര്‍ ഉപയോഗിച്ചിരിക്കുന്നത്. ബംഗ്ലാദേശിന്റെ തെക്കു കിഴക്കന്‍ മേഖലയിലുളള ഛാട്ടോഗ്രാം എന്ന ജില്ലയിലെ നോര്‍ത്തേണ്‍ ബാംബൂ സ്‌റ്റേഷനിലെ യുവതിയുടെ ചിത്രമാണിതെന്നാണ് 2017ലെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. മകന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായ അമ്മയെന്നു പറഞ്ഞുകൊണ്ടാണ് ഈ ചിത്രം അന്ന് ഷെയര്‍ ചെയ്തത്.

എന്നാല്‍ ഈ സംഭവത്തെ കേരളത്തില്‍ ഹിന്ദുമതക്കാര്‍ക്കു നേരയുള്ള ആക്രമണമാക്കി ബിജെപി പ്രചരിപ്പിക്കുകയായിരുന്നു. കേരളത്തില്‍ മുസ്‌ലീങ്ങള്‍ ക്ഷേത്രം ആക്രമിച്ച് ഹിന്ദു സ്ത്രീയെ ക്രൂരമായി ആക്രമിച്ചുവെന്ന് പറഞ്ഞാണ് ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.

സോഷ്യല്‍ മീഡിയകള്‍ വഴി സംഘപരിവാര്‍ വ്യാജപ്രചരണങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന ശംഖ്‌നാഥ് പോലുള്ള ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് വ്യാജ പ്രചരണം. ‘ഷോക്കിങ്: മതേതര കേരളത്തില്‍ മുസ്‌ലീങ്ങളാല്‍ ആക്രമിക്കപ്പെട്ട പ്രതിമയും ക്ഷേത്രവും പ്രായമായ ഹിന്ദു യുവതിയും. എന്തുകൊണ്ടാണ് ബോളിവുഡ് മിണ്ടാതിരിക്കുന്നത്?’ എന്നാണ് ശംഖ്‌നാദ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘പൂജ ചെയ്തതിന്റെ പേരില്‍ കേരളത്തില്‍ ഹിന്ദു യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും വിഗ്രഹം തകര്‍ക്കുകയും ചെയ്തു, ശാന്തി ദൂതന്മാര്‍’ എന്നു പറഞ്ഞും ചിലര്‍ ഈ ചിത്രം ട്വീറ്റു ചെയ്യുന്നുണ്ട്. ‘#HinduDeniedEqualtiy’ എന്ന ഹാഷ്ടാഗിലാണ് വ്യാജപ്രചരണം നടക്കുന്നത്.