സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിക്കാനൊരുങ്ങി മക്കള്‍ സെല്‍വന്‍

single-img
26 April 2018

തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ഒന്നിക്കുന്നു. കാര്‍ത്തിക് സുബ്ബുരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. സണ്‍പിക്‌ചേഴ്‌സാണ് ഈ വിവരം പുറത്തുവിട്ടത്. എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

രാഷ്ട്രീയ വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുണ്ടെന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. രജനികാന്തിന്റെ വില്ലനായിട്ടോ അല്ലെങ്കില്‍ ഉറ്റസുഹൃത്തായോ വിജയ് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മണിരത്‌നം ഒരുക്കുന്ന ചെക്ക സിവന്ത വാനം എന്ന ചിത്രത്തിലാണ് വിജയ് സേതുപതി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

വിക്രം വേദയില്‍ മാധവനോടൊപ്പം വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തിയിരുന്നു. കാലയാണ് രജനീകാന്തിന്റെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. കബാലിയ്ക്ക് ശേഷം പാ രഞ്ജിത്ത് രജനീകാന്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് കാലാ. ഷങ്കറിന്റെ 2.0യും ഉടന്‍ പുറത്തിറങ്ങും.