സിപിഐയുടെ പരസ്യമായ നിയമലംഘനം: കോഴിക്കോട് മണ്ഡലം കമ്മിറ്റി ഓഫീസ് പണിയുന്നത് വയല്‍ നികത്തി; പഞ്ചായത്ത് അധികൃതര്‍ നല്‍കിയ സ്‌റ്റോപ്പ് മെമ്മോ കാറ്റില്‍ പറത്തി

single-img
26 April 2018

കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ പ്രതിഷേധത്തിന് സര്‍വ്വ പിന്തുണയും നല്‍കി മുന്‍നിരയില്‍ നിന്ന സിപിഐക്കാര്‍ സ്വന്തം കാര്യം വന്നപ്പോള്‍ അതെല്ലാം മറന്നു. കോഴിക്കോട് പേരാമ്പ്രയില്‍ വയല്‍ നികത്തിയ ഭൂമിയിലാണ് സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസ് നിര്‍മ്മിക്കുന്നത്.

വയല്‍ നികത്തുന്നതിനെതിരെ പലപ്പോഴും കര്‍ശന നിലപാടുമായി രംഗത്തെത്തിയിട്ടുള്ള സിപിഐ തന്നെ നിയലംഘനം നടത്തിയതില്‍ അണികളില്‍ ഒരു വിഭാഗത്തിന് ശക്തമായ അമര്‍ഷമുണ്ട്. മേഞ്ഞാണ്യം വില്ലേജില്‍ പേരാമ്പ്ര പൈതോത്ത് റോഡിലെ വയല്‍ നികത്തിയ നാലുസെന്റിലാണ് സിപിഐ ഓഫീസ് നിര്‍മ്മിക്കുന്നത്.

മേഞ്ഞാണ്യം വില്ലേജ് ഓഫീസ് മരഖകളില്‍ സിപിഐ ഓഫീസിന്റെ നിര്‍മ്മാണം നടക്കുന്ന ഭൂമിയുടെ രേഖകളില്‍ വയല്‍ അഥവാ നഞ്ച എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ഇടപെട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും അതിനെയെല്ലാം കാറ്റില്‍ പറത്തിയാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്.

ഇതിനെതിരെ പഞ്ചായത്ത് അധികൃതരും രംഗത്തെത്തിക്കഴിഞ്ഞു. സ്‌റ്റോപ്പ് മെമ്മോ മറികടന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ നടപടിയുണ്ടാകുമെന്നു എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് അധികൃതര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നുണ്ടെങ്കിലും സിപിഐ ഇതൊന്നും കേട്ടതായി ഭവിക്കുന്നില്ല.

കൊല്ലത്തു നടക്കുന്ന സിപിഐയുടെ പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞതിനു ശേഷം മെയ് ആറിന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ എത്രയും വേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഇവരുടെ ശ്രമം.