ഗൂഗിള്‍ സെര്‍ച്ചില്‍ ആദ്യ പ്രധാനമന്ത്രിയുടെ ചിത്രത്തില്‍ മോദി

single-img
26 April 2018

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റില്‍ തെരഞ്ഞാല്‍ നമുക്ക് സംശയമുള്ള എന്ത് കാര്യത്തിനുമുള്ള മറുപടി ലഭിക്കും. ആകെ ചെയ്യേണ്ടത് ഗൂഗിള്‍ തുറന്ന് നമ്മുടെ സംശയം ടൈപ്പ് ചെയ്യുക എന്നത് മാത്രമാണ്. അതിന്റെ ഫലം നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ മുന്നിലെ സ്‌ക്രീനില്‍ തെളിഞ്ഞുവരും.

എന്നാല്‍ ഗൂഗിളിനും അബദ്ധം പറ്റും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ‘ഇന്ത്യയിലെ ആദ്യ പ്രധാനമന്ത്രി’യുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഗൂഗിളില്‍ ‘indian first pm’ എന്ന് അടിച്ചുകൊടുത്താല്‍ പേര് ജവഹര്‍ലാല്‍ നെഹ്‌റു എന്ന് വരും. പക്ഷെ ചിത്രം ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണ് വരിക.

വിക്കിപീഡിയയിലെ ‘ലിസ്റ്റ് ഓഫ് പ്രൈം മിനിസ്റ്റര്‍ ഓഫ് ഇന്ത്യ’ പട്ടികയില്‍ നെഹ്‌റുവിന്റെ പേരിന് സമീപം പ്രത്യക്ഷപ്പെടുന്നത് മോദിയുടെ ചിത്രമാണ്. ബുധനാഴ്ചയാണ് ഇക്കാര്യം ചിലര്‍ ട്വിറ്ററിലൂടെ ചൂണ്ടിക്കാട്ടിയത്. ഗൂഗിളിന്റെയാണോ വിക്കിപീഡിയയുടേതാണോ തെറ്റ് എന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.