കിം ജോങ് ഉന്‍ ആണവപരീക്ഷണം നിര്‍ത്തിയതല്ല; ഉത്തരകൊറിയയുടെ ആ ‘രഹസ്യ’ ആണവ പരീക്ഷണകേന്ദ്രം തകര്‍ന്നെന്ന് ചൈന

single-img
26 April 2018

ബീജിങ്: കിം ജോങ് ഉന്‍ ആണവ പരീക്ഷണം നിര്‍ത്തിയതല്ലെന്നും കഴിഞ്ഞ വര്‍ഷം നടന്ന ഭീമന്‍ പരീക്ഷണത്തിനിടെ ഉത്തരകൊറിയയുടെ ആ ‘രഹസ്യ’ ഭൂഗര്‍ഭ ആണവ പരീക്ഷണ കേന്ദ്രം ഭാഗീകമായി തകര്‍ന്നതാണെന്നും റിപ്പോര്‍ട്ട്. തുടര്‍ ഉപയോഗത്തിന് സാധിക്കാത്ത തരത്തിലാണ് തകര്‍ച്ചയെന്ന് ചൈനീസ് ഭൂകമ്പ ശാസ്ത്രജ്ഞര്‍ അറിയിച്ചു.

മാണ്ടപ്‌സനെ പര്‍വതത്തില്‍ നിര്‍മ്മിച്ച ഭൂഗര്‍ഭ പരീക്ഷണ കേന്ദ്രമാണ് തകര്‍ന്നത്. ഈ പരീക്ഷണ കേന്ദ്രം അടച്ചു പൂട്ടണം എന്നത് ഏറെ നാളായുള്ള യു.എസിന്റെ ആവശ്യമായിരുന്നു. എന്നാല്‍, ഇനിയൊരു പരീക്ഷണം നടത്താനാകാത്ത വിധം മാണ്ടപ്‌സനെയിലെ പങ്ങ്ങ്യു റിയിലെ കേന്ദ്രം തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇതേ തുടര്‍ന്നാണ് ഇവിടുള്ള ആണവ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തുന്നുവെന്ന കിമ്മിന്റ പ്രസ്താവനയ്ക്കു പിന്നിലെ യഥാര്‍ത്ഥ കാരണമെന്നും ചൈന വ്യക്തമാക്കുന്നു. ഉത്തരകൊറിയയുടെ ആറ് ആണവപരീക്ഷണങ്ങളില്‍ അഞ്ചെണ്ണം പങ്ങ്ങ്യുറിയിലെ പരീക്ഷണകേന്ദ്രത്തില്‍നിന്നായിരുന്നു.

2017 സെപ്റ്റംബര്‍ മൂന്നിന് റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനും കാരണമായ പരീക്ഷണമായിരുന്നു ഇതില്‍ വലുത്. ഹൈഡ്രജന്‍ ബോംബിന്റെ പരീക്ഷണമാണ് അന്നു നടത്തിയതെന്ന് ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നു. അതേസമയം, പരീക്ഷണത്തിന് പിന്നാലെ തുടര്‍ച്ചയായി ഉണ്ടായ മണ്ണിടിച്ചില്‍, ഭൂകമ്പങ്ങള്‍ തുടങ്ങിയവ പങ്ങ്ങ്യൂ റിയുടെ തകര്‍ച്ചയ്ക്ക് കാരണമായി പറയുന്നു.