‘കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ മടക്കിയത് മോദിയുടെ അറിവോടെ’: തെറ്റില്ലെന്ന് ചീഫ് ജസ്റ്റിസ്

single-img
26 April 2018

മലയാളിയായ ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കി. സീനിയോറിറ്റി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൊളീജിയം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് നിയമമന്ത്രാലയം ഫയല്‍ മടക്കി അയച്ചത്.

ജസ്റ്റിസ് കെ.എം.ജോസഫിനൊപ്പം കൊളിജീയം നിര്‍ദേശിച്ച അഭിഭാഷക ഇന്ദു മല്‍ഹോത്രയുടെ നിയമനം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ അംഗീകാരത്തോടെയാണ് ജസ്റ്റിസ് കെ.എം.ജോസഫിന്റെ ഫയല്‍ തിരിച്ചയച്ചതെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.

എന്നാല്‍ കെ.എം.ജോസഫിനെ തഴഞ്ഞതിനെതിരെ ബാര്‍ അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിച്ചു. ഇന്ദു മല്‍ഹോത്രയുടെ നിയമനം സ്റ്റേചെയ്യണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ച് വ്യക്തമാക്കി.

നിയമനം സ്റ്റേ ചെയ്യുകയെന്നത് ചിന്തിക്കാന്‍ പോലും ആകില്ലെന്നും ഇത്തരത്തിലൊന്ന് മുമ്പ് കേട്ടിട്ടുപോലുമില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു. നൂറോളം സുപ്രീംകോടതി അഭിഭാഷകരാണ് ഇന്ദു മല്‍ഹോത്രയുടെ നിയമനത്തെ ചോദ്യം ചെയ്ത് കൊണ്ട് ഹര്‍ജിയുമായി രംഗത്തെത്തിയത്. എന്നാല്‍ ഈ ഹര്‍ജിയെല്ലാം തള്ളിക്കൊണ്ട് ഇന്ദു മല്‍ഹോത്രയുടെ നിയമനം സുപ്രീകോടതി അംഗീകരിക്കുകയായിരുന്നു.

ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമനം അംഗീകരിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടി നിയമവ്യവസ്ഥയോടുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് മുതിര്‍ന്ന് അഭിഭാഷകരായ ഇന്ദ്രാ ജെയ്‌സിംഗ്, സിയു സിങ്, വികാസ് സിങ് എന്നിവര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുന്നതുവരെ ഇന്ദു മല്‍ഹോത്രയുടെ നിയമനം മരവിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ തിരിച്ചയക്കാന്‍ അധികാരമുണ്ടെന്നും സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് അത് പരിശോധിക്കുമെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.

കഴിഞ്ഞ ദിവസമായിരുന്നു ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്. സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യവെ ജഡ്ജിയായി നിയമിക്കപ്പെടുന്ന ആദ്യ അഭിഭാഷകയാണ് ഇന്ദു മല്‍ഹോത്ര. കൊളീജിയം ശുപാര്‍ശ മൂന്നുമാസത്തോളം തടഞ്ഞുവെച്ചശേഷമാണ് കേന്ദ്ര നിയമമന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന ഒ.പി. മല്‍ഹോത്രയുടെ മകളാണ് ഇന്ദു. 2007ലാണ് സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷകപദവി ലഭിച്ചത്.