‘ഞങ്ങള്‍ക്ക് മരിക്കാനുള്ള അനുമതി നല്‍കണം’: പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും കത്തയച്ച് ഗുജറാത്തിലെ 5000 കര്‍ഷകര്‍

single-img
26 April 2018

മരിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് ഗുജറാത്തിലെ അയ്യായിരത്തിലേറെ കര്‍ഷകര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിക്കും കത്തയച്ചു. തങ്ങളുടെ ഭൂമി കൈവശപ്പെടുത്തിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് കര്‍ഷരുടെ അറ്റകൈപ്രയോഗം.

12 ഗ്രാമങ്ങളിലെ കര്‍ഷകരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ 5259 പേരാണ് മരിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് കത്തയച്ചത്. സംസ്ഥാന സര്‍ക്കാരും ജി.പി.സി.എല്ലും(ഗുജറാത്ത് പവര്‍ കോര്‍പ്പറേഷന്‍) പോലീസ് സേനയെ ഉപയോഗിച്ചാണ് തങ്ങളുടെ ഭൂമിയില്‍ നിന്നും ഇറക്കിവിട്ടതെന്ന് കര്‍ഷകര്‍ കത്തില്‍ പറയുന്നു.

2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം ഒരു കമ്പനിക്ക് അഞ്ചു വര്‍ഷം മുന്‍പ് ഏറ്റെടുത്തിട്ടുള്ള ഭൂമി കൈവശപ്പെടുത്താന്‍ അധികാരമില്ല. വൈദ്യുതി വിഭാഗം ഏറ്റെടുത്ത് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജി.പി.സി.എല്‍ ഭൂമിയില്‍ അവകാശവാദവുമായി എത്തിയതെന്നും ഇത് നിയമവിരുദ്ധമാണെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടി.

നിര്‍ബന്ധപൂര്‍വം ഭൂമി പിടിച്ചെടുത്ത ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനം തീവ്രവാദ നടപടി പോലെയാണ് തങ്ങള്‍ക്ക് തോന്നിയതെന്നും തങ്ങളെ തീവ്രവാദികളെപ്പോലെ കണ്ട് പരിഗണിക്കുന്ന സര്‍ക്കാര്‍ സൈനികരെക്കൊണ്ട് വെടിവെപ്പിച്ച് തങ്ങളെ കൊലപ്പെടുത്തുന്നതാണ് ഇതിനേക്കാള്‍ ഭേദമെന്നും കര്‍ഷകര്‍ കത്തില്‍ പറയുന്നു.

വര്‍ഷങ്ങളായി ജീവിച്ച സ്ഥലം അധികാരികള്‍ പിടിച്ചെടുത്തതോടെ ജീവിക്കാന്‍ ഇടമില്ലാതായെന്നും മരണമല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും കര്‍ഷകര്‍ പറയുന്നു. മരണാനുമതി തേടിയുള്ള കത്തുകള്‍ കര്‍ഷകര്‍ കളക്ടേറ്റിലേക്കും അയച്ചിരുന്നതായി ഭവന്‍നഗര്‍ കളക്ടര്‍ ഹര്‍ഷാദ് പട്ടേലും പറഞ്ഞു. എന്നാല്‍ എത്ര കര്‍ഷകര്‍ ഒപ്പിട്ട കത്താണ് അയച്ചതെന്ന് കളക്ടര്‍ വ്യക്തമാക്കിയില്ല.