വിവാഹസമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ച സംഭവം: പ്രതി പിടിയില്‍

single-img
26 April 2018

ഒഡീഷയില്‍ വിവാഹ സമ്മാനമായി ലഭിച്ച പാഴ്‌സല്‍ ബോംബ് പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വരന്റെ അമ്മയുടെ സഹപ്രവര്‍ത്തകനും കോളേജ് അധ്യാപകനുമായ പുഞ്ജിലാല്‍ മെഹറാണ് പിടിയിലായത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ വരന്‍ സൗമ്യശേഖറും മുത്തശ്ശിയും മരിക്കുകയും ഭാര്യ റീമയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സൗമ്യശേഖറിന്റെ അമ്മ, സഞ്ജുക്താ സാഹുവിനോട് പ്രതികാരം തീര്‍ക്കാനാണ് പുഞ്ജിലാല്‍, ബോംബ് സമ്മാനപ്പൊതിയിലാക്കി കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു.

സഞ്ജുക്ത അധ്യാപികയായിരുന്ന ജ്യോത് വികാസ് ജൂനിയര്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പാളായിരുന്നു പുഞ്ജിലാല്‍. എന്നാല്‍ പുഞ്ജിലാലിനെക്കാള്‍ സീനിയോറിറ്റി സഞ്ജുക്തയ്ക്കായിരുന്നു. അതിനാല്‍ തന്നെ ചട്ടപ്രകാരം സഞ്ജുക്തയ്ക്ക് പ്രിന്‍സിപ്പാള്‍ സ്ഥാനം ലഭിച്ചു.

അതോടെ പുഞ്ജിലാലിന് സ്ഥാനം ഒഴിയേണ്ടി വന്നു. ഇതാണ് സമ്മാനപ്പൊതിക്കുള്ളില്‍ ബോംബ് വയ്ക്കാന്‍ പുഞ്ജിലാലിനെ പ്രേരിപ്പിച്ചതെന്ന് ക്രൈം ബ്രാഞ്ച് ഐ ജി അരുണ്‍ ബോത്ര പറഞ്ഞു. ദീപാവലിക്കു വാങ്ങിയ പടക്കങ്ങളില്‍നിന്നാണ് ഇയാള്‍ വെടിമരുന്ന് ശേഖരിച്ചതെന്നും പോലീസ് പറഞ്ഞു.

2014 ലാണ് സഞ്ജുക്ത കോളേജില്‍ അധ്യാപികയായി ചേര്‍ന്നത്. പുഞ്ജിലാലിനെക്കാള്‍ 13 വര്‍ഷം സീനിയറായിരുന്നു സഞ്ജുക്ത. ചട്ടപ്രകാരം, സ്വാഭാവികമായി സഞ്ജുക്തയായിരുന്നു പ്രിന്‍സിപ്പാള്‍ ആകേണ്ടിയിരുന്നത്. എന്നാല്‍ സ്ഥാനം വിട്ടുകൊടുക്കാന്‍ പുഞ്ജിലാല്‍ തയ്യാറായിരുന്നില്ല.

ആദ്യമൊക്കെ സഞ്ജുക്തയെ കുറ്റപ്പെടുത്തി. ക്ലാസ്സ് എടുക്കുന്നില്ലെന്നും വൈകിയെത്തുന്നു എന്നുമായിരുന്നു ആരോപണങ്ങള്‍. എന്നാല്‍ സഞ്ജുക്തയെ പ്രിന്‍സിപ്പാളായി നിയമിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നിട്ടും പുഞ്ജിലാല്‍ മൂന്നുമാസത്തോളം സ്ഥാനമൊഴിയാന്‍ കൂട്ടാക്കിയില്ല.

ഒടുവില്‍ 2017 മേയില്‍ സഞ്ജുക്ത പ്രിന്‍സിപ്പാളായി സ്ഥാനമേറ്റു. എന്നാല്‍ സഞ്ജുക്തയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ പുഞ്ജിലാല്‍ കൂട്ടാക്കിയിരുന്നില്ല. മറ്റ് ജീവനക്കാരെ സഞ്ജുക്തയ്ക്ക് എതിരെ കൊണ്ടുവരാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായും സഞ്ജുക്തയുടെ ഭര്‍ത്താവ് രവീന്ദ്രയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.