രാജ്യത്ത് ഉയര്‍ന്നുവരുന്ന സമരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല; പാര്‍ട്ടിയുടെ സമര രീതികള്‍ മാറണം; വ്യക്തികളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം വേണ്ടെന്നും സിപിഐ സംഘടനാ റിപ്പോര്‍ട്ട്

single-img
26 April 2018

കൊല്ലം: സ്വയംവിമര്‍ശനവുമായി സിപിഐ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സംഘടനാ റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ സമര രീതികള്‍ മാറണമെന്നും കോലം കത്തിക്കല്‍ പോലുള്ളവ ഇനി വേണ്ടെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് ഉയര്‍ന്നുവരുന്ന സമരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പാര്‍ട്ടിക്ക് സാധിച്ചില്ലെന്ന് ഇന്നലെ ആരംഭിച്ച പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തിയിരുന്നു.

ദളിത്, പരിസ്ഥിതി, നവസാമ്പത്തിക നയങ്ങള്‍, കാര്‍ഷിക പ്രശ്‌നങ്ങള്‍ എന്നിവയില്‍ രാജ്യമെങ്ങും പലതരത്തിലുള്ള സമരങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍, സി.പി.ഐ.യ്ക്ക് അത് കാര്യമായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പാര്‍ട്ടിനേതാക്കള്‍ തന്നെ വിമര്‍ശനം ഉന്നയിച്ചു.

പാര്‍ട്ടിയുടെ സംഘടനാ ദൗര്‍ബല്യങ്ങള്‍ ഇതിനുകാരണമാണ്. ജെ.എന്‍.യു.വില്‍ സി.പി.ഐ.യുടെ വിദ്യാര്‍ഥി വിഭാഗമായ എ.ഐ.എസ്.എഫ്. നേതാവായ കനയ്യ കുമാറിനെ പോലുള്ളവര്‍ ഉയര്‍ത്തിവിട്ട പ്രക്ഷോഭം രാജ്യമെങ്ങും വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞില്ല.

ദളിത് സമരങ്ങളിലും ഇതാണുണ്ടായത്. രാജ്യത്ത് ദളിത് സംഘടനകള്‍ വളര്‍ത്തിക്കൊണ്ടുവരുന്ന പോരാട്ടങ്ങളോട് ഐക്യപ്പെടാനും കഴിയുന്നില്ല. പാര്‍ട്ടിയുടെ അടിസ്ഥാനപിന്തുണക്കാരായ ദളിത് വിഭാഗങ്ങള്‍ പാര്‍ട്ടിയില്‍നിന്ന് അകലുകയും ജാതി സംഘടകളിലേക്ക് എത്തുകയും ചെയ്യുന്നു. പാര്‍ട്ടിക്ക് ഭരണമുള്ള കേരളത്തില്‍ ഭൂമികേസുകളില്‍ തുടര്‍ച്ചയായി ഉണ്ടായ പരാജയം നാണക്കേടുണ്ടാക്കിയതായും വിമര്‍ശനമുയര്‍ന്നിരുന്നു.

വ്യക്തികളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം വേണ്ടെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. കേഡര്‍ സംവിധാനത്തില്‍ വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വ്യക്തികളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തുന്നത് വിഭാഗീയതക്ക് ഇടയാക്കുന്നതായും ചില നേതാക്കള്‍ ദ്വീപുകളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. അവരെ ചോദ്യംചെയ്യാന്‍ അണികള്‍ ഭയപ്പെടുന്നു. പാര്‍ട്ടി അംഗങ്ങള്‍ സാമൂഹിക ഉത്തരവാദിത്വം മറക്കുന്നു.

സ്ത്രീധനം വാങ്ങുന്ന പ്രവണത പോലും പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലുണ്ടെന്നും സംഘടനാ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേഡര്‍ സംവിധാനത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനം കടന്നും പ്രവര്‍ത്തനം താഴേത്തട്ടിലേക്ക് വ്യാപിപ്പിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

വിഭാഗീയതയെക്കുറിച്ച് റിപ്പോർട്ട് പറയുന്നത്:

∙ വിഭാഗീയത പാർട്ടിയെ ദുർബലപ്പെടുത്തുകയാണ്. ഈ രോഗം ആദ്യഘട്ടത്തിലേ തിരി‍ച്ചറിഞ്ഞ് ഉൾപാർട്ടി ജനാധിപത്യത്തിലൂടെ ഭേദമാക്കാം.

∙ അഹംഭാവം, പദവി മോഹം, ഇഷ്ടാനിഷ്ടങ്ങൾ, ചില സഖാക്കളോടുള്ള ദേഷ്യം, കാലങ്ങളായുള്ള വിഭാഗീയതയുടെ തുടർച്ച, വിമർശനത്തോടുള്ള അസഹിഷ്ണുത തുടങ്ങിയവയാണു കാരണങ്ങൾ.

∙ വിഭാഗീയതയെ ബുദ്ധിപൂർവം രാഷ്്ട്രീയമായ അഭിപ്രായഭിന്നതയുടെ മൂടുപടം അണിയിക്കുകയാണ്. നയപരമായ ഭിന്നതയാണു കാരണമെങ്കിൽ വിഭാഗീയത രാഷ്ട്രീയ ചർച്ചയിലൂടെ പരിഹരിക്കാനാവും. എന്നാൽ, സ്വാർഥതാൽപര്യങ്ങളാണു കാരണമെങ്കിൽ പരിഹാരം സാധ്യമല്ല.

∙ കേന്ദ്രീകൃത ജനാധിപത്യത്തിന്റെ തത്വങ്ങൾ പ്രയോഗിക്കുകയാണു വിഭാഗീയതയെന്ന അർബുദം ഭേദമാക്കാനുള്ള മികച്ച മരുന്ന്.


ജയിക്കാനറിയാത്ത പാർട്ടി

പാർലമെന്ററി ജനാധിപത്യത്തിൽ തിരഞ്ഞെടുപ്പ് ജയിക്കാനുള്ള തന്ത്രങ്ങൾ പാർട്ടിക്ക് ഇപ്പോഴും അറിയില്ലെന്നു റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ‘തിരഞ്ഞെടുപ്പിനെ മറ്റേതു സാധാരണ നടപടിയെയും എന്നതുപോലെ പരിഗണിക്കുന്നു. ആവശ്യമായ ഒരുക്കങ്ങളില്ല. ചെറിയ ഗ്രൂപ്പ് യോഗങ്ങൾ നടത്തും, കവലകളിലും കോർണർ യോഗങ്ങൾ നടത്തും. രണ്ടും മൂന്നും ലക്ഷം വോട്ടർമാരുള്ള മണ്ഡലങ്ങളിൽ പത്തോ ഇരുപതിനായിരമോ ലഘുലേഖകൾ വിതരണം ചെയ്യും. എന്നിട്ടു ജനം നമുക്ക് വോട്ട് ചെയ്യുമെന്നു പ്രതീക്ഷിക്കും. ഈ മനോഭാവം മാറണം.’