കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് കാനം: കേഡര്‍ സംവിധാനത്തില്‍ വന്‍ വീഴ്ചയെന്ന് സിപിഐ റിപ്പോര്‍ട്ട്

single-img
26 April 2018

കൊല്ലം: ബിജെപിക്കെതിരേ കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ വേണ്ടത് സംസ്ഥാനാധിഷ്ഠിത സഖ്യമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ഉദാര സമീപനമാണ് സിപിഐ നിലപാട്. ഇടത് ഐക്യം മുന്‍നിര്‍ത്തി വിശാല പൊതുവേദി വേണമെന്നും കാനം പറഞ്ഞു.

അതേസമയം സി.പി.ഐ കേഡര്‍ സംവിധാനത്തില്‍ വന്‍ വീഴ്ചയെന്ന് പാര്‍ട്ടി സംഘടനാ റിപ്പോര്‍ട്ട്. വിഭാഗീയത പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും ബാധിച്ചിരിക്കുന്നു. വ്യക്ത്യാധിഷ്ഠിതമായ വിഭാഗീയതയ്ക്ക് പോലും സൈദ്ധാന്തിക പരിവേഷം നല്‍കുന്നു. ചില നേതാക്കള്‍ ദ്വീപുകളെ പോലെ പ്രവര്‍ത്തിക്കുന്നു.

അവരെ ചോദ്യം ചെയ്യാന്‍ പോലും അണികള്‍ക്ക് ഭയമാണ്. പാര്‍ട്ടി അംഗങ്ങള്‍ സാമൂഹിക ഉത്തരവാദിത്തം മറക്കുന്നുവെന്നും സ്ത്രീധനം വാങ്ങുന്ന പ്രവണതപോലുമുണ്ടെന്നും സംഘടനാ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. വിഭാഗീയത പാര്‍ട്ടിയെ തകര്‍ക്കുകയാണെന്നും പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തനം നിര്‍ജീവമാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

വിഭാഗീയത ഉള്‍പാര്‍ട്ടി ജനാധിപത്യത്തിലൂടെ പരിഹരിച്ചില്ലെങ്കില്‍ പാര്‍ട്ടി ക്ഷയിക്കുമെന്ന് സംഘടനാ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. നേതാക്കളുടെ അഹന്ത, പദവി മോഹം എന്നിവയേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. അഹംഭാവം, പദവി മോഹം, ഇഷ്ടാനിഷ്ടത്തോടെയുള്ള പ്രവര്‍ത്തനം, ചില സഖാക്കളോടുള്ള ദേഷ്യം, കാലാകാലങ്ങളായുള്ള വിഭാഗീയതയുടെ തുടര്‍ച്ച എന്നിവയാണ് വിഭാഗീയതയുടെ കാരണങ്ങള്‍.

വിഭാഗീയതയെ മറച്ചുവെയ്ക്കാന്‍ നേതാക്കള്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രീയ ജനാധിപത്യം പ്രായോഗികമാക്കുക എന്നതാണ് വിഭാഗീയ ഇല്ലാതാക്കാനുള്ള മാര്‍ഗമായി ചൂണ്ടിക്കാട്ടുന്നത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വീകരിക്കുന്ന സമീപനം തിരുത്തണം എന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിയുടെ യോഗങ്ങളിലും പോസ്റ്ററുകളിലും ബാനറുകളിലും രക്തസാക്ഷികളുടെ ചിത്രങ്ങള്‍ പതിക്കാത്തതിലും വിമര്‍ശനങ്ങള്‍ ഉണ്ട്.