മിസോറാമില്‍ കോണ്‍ഗ്രസ്-ബിജെപി അപൂര്‍വ സഖ്യം: ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ കൂട്ടുപിടിച്ചു; ബി.ജെ.പിക്ക് ചെയര്‍മാന്‍ സ്ഥാനവും നല്‍കി

single-img
26 April 2018

മിസോറാമില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യം. മിസോറമിലെ ചക്മ ട്രൈബല്‍ കൗണ്‍സിലിലേക്കു നടന്ന തിരഞ്ഞെടുപ്പിലാണ് ഈ അപൂര്‍വ സഖ്യം. മിസോ നാഷണല്‍ ഫ്രണ്ടിനെ (എംഎന്‍എഫ്) പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചത്.

ബുദ്ധമതക്കാരുടെ സ്വയംഭരണ സ്ഥാപനമായ ചക്മ ജില്ലാ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. നിലവില്‍ അധികാരം കയ്യാളിയിരുന്ന കോണ്‍ഗ്രസിന് 20 അംഗ കൗണ്‍സിലില്‍ ആറ് സീറ്റുകള്‍ മാത്രമാണ് കിട്ടിയത്. ബിജെപിക്ക് അഞ്ച് സീറ്റുകളും ലഭിച്ചു. ബിജെപിയുടെ വിശാല സഖ്യത്തില്‍ ഉള്‍പ്പെട്ട എംഎന്‍എഫ് എട്ട് സീറ്റുകള്‍ നേടി കൗണ്‍സിലിലെ ഏറ്റവും വലിയ കക്ഷിയായി.

എംഎന്‍എഫുമായി ചേര്‍ന്ന് ഭരണം പിടിക്കാനാണ് ബിജെപി ഉദ്ദേശിച്ചിരുന്നത്. ഇക്കാര്യം വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ബിജെപിയും എംഎന്‍എഫും ചേര്‍ന്ന് 13 സീറ്റുകള്‍ നേടിയത് മിസോറമില്‍ ബിജെപിയുടെ കുതിപ്പിന്റെ നാന്ദിയാണെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് നരേന്ദ്ര മോദി നടത്തുന്ന നീക്കങ്ങളുടെ ഫലമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ബി.ജെ.പിയുടെ തീരുമാനം മാറ്റിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ ഡീലിന്റെ ഭാഗമായി ബി.ജെ.പി നേതാക്കള്‍ക്ക് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനവും നല്‍കി. കോണ്‍ഗ്രസ് ഇപ്പോഴും അധികാരത്തിലിരിക്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലൊന്നാണ് മിസോറാം