ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മെയ് 28ന്; ഫലപ്രഖ്യാപനം 31ന്

single-img
26 April 2018

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മെയ് 28നാണ് വോട്ടെടുപ്പ്. മെയ് 31ന് വോട്ടെണ്ണല്‍ നടക്കും. വിജ്ഞാപനം മെയ് 3ന് പുറത്തിറങ്ങും. ചെങ്ങന്നൂരില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മെയ് 10 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാനതിയതി. മെയ് 11ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. വോട്ടിന് രസീത് ലഭിക്കുന്ന സംവിധാനം ഉണ്ടാകും.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കാത്തത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ബി.ജെ.പിയെ സഹായിക്കുന്നതിനായാണ് തെരഞ്ഞെടുപ്പ് തീയതി കമ്മീഷന്‍ പ്രഖ്യാപിക്കാത്തതെന്ന ആരോപണം സി.പി.എമ്മും കോണ്‍ഗ്രസും ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ഥികളുടെ പേരുകള്‍ പുറത്തുവിട്ട് പ്രചരണം ആരംഭിച്ചിരുന്നു. ഡി. വിജയകുമാറാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. എല്‍.ഡി.എഫിന്റെ സജി ചെറിയാനും ബി.ജെ.പിയുടേത് പി.എസ് ശ്രീധരന്‍പിള്ളയും ആണ് സ്ഥാനാര്‍ഥികള്‍. സി.പി.എം എം.എല്‍.എ ആയിരുന്ന കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.


പോര്‍തട്ടില്‍ ഇവര്‍:

ഡി.വിജയകുമാര്‍, യുഡിഎഫ്:

അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ ദേശീയ വൈസ് പ്രസിഡന്റായ ഡി.വിജയകുമാര്‍, കെഎസ്‌യുവിലൂടെയാണു പൊതുരംഗത്ത് എത്തിയത്. ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, ഡിസിസി ജനറല്‍ സെക്രട്ടറി, ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ്, ചെങ്ങന്നൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്, ദക്ഷിണ റെയില്‍വേ സോണല്‍ കമ്മിറ്റി അംഗം തുടങ്ങിയ പദവികളും വഹിച്ചു. 1991 ല്‍ ചെങ്ങന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെട്ടെങ്കിലും അവസാന ഘട്ടത്തില്‍ ശോഭന ജോര്‍ജിനു വഴിമാറിക്കൊടുക്കേണ്ടി വന്നു.

സജി ചെറിയാന്‍, എല്‍ഡിഎഫ്:

സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു രണ്ടാം വട്ടം തിരഞ്ഞെടുക്കപ്പെട്ട ഉടനെയാണു സജി ചെറിയാനെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. എസ്എഫ്‌ഐയിലൂടെ പൊതുരംഗത്ത് എത്തിയ സജി ചെറിയാന്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍, ചെറിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സിപിഎം ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 2006 ല്‍ ചെങ്ങന്നൂരില്‍ പി.സി. വിഷ്ണുനാഥിനോടു പരാജയപ്പെട്ടു.

പി.എസ്.ശ്രീധരന്‍ പിള്ള, എന്‍ഡിഎ:

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനായ പി.എസ്.ശ്രീധരന്‍ പിള്ള കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയായിരുന്നു. വെണ്‍മണി സ്വദേശിയായ പി.എസ്.ശ്രീധരന്‍ പിള്ള കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 42,682 വോട്ട് നേടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. നിയമസഭയിലേക്കു മത്സരിക്കുന്നതു രണ്ടാം തവണ. മുന്‍പു കോഴിക്കോട്ടു നിന്നു ലോക്‌സഭയിലേക്കു മല്‍സരിച്ചു. വിവിധ ജില്ലാ കോടതികളിലും ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ്. ഇംഗ്ലിഷിലും മലയാളത്തിലുമായി 100 പുസ്തകങ്ങളുടെ രചയിതാവാണ്.