കത്വവ കൂട്ടമാനഭംഗക്കേസിലെ പ്രതികളെ അനുകൂലിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ: മെഹബൂബ മുഫ്തി ജിഹാദി മുഖ്യമന്ത്രിയെന്ന് അഭിഭാഷകന്‍

single-img
26 April 2018

കത്‌വ ബലാത്സംഗ കൊലക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതികളുടെ ആവശ്യം ന്യായമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. അഭിഭാഷകയ്ക്ക് ഭീഷണിയുണ്ടായെന്നും കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തടസമുണ്ടാക്കിയെന്നുമുള്ള ആരോപണങ്ങളും കൗണ്‍സില്‍ തള്ളി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹര്‍ജി പരിഗണിക്കവെയാണ് ഇക്കാര്യം ബാര്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ അറിയിച്ചത്.

കേസ് പരിഗണിക്കുന്നത് ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റരുതെന്നും കേസില്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതികളിലൊരാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കവെയാണ് സിബിഐ അന്വേഷണം ന്യായമാണെന്ന പ്രതികരണം ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയത്.

കേസുമായി ബന്ധപ്പെട്ടുണ്ടായ അഭിഭാഷക സമരമടക്കമുള്ള വിഷയങ്ങള്‍ പഠിക്കാനും ഉചിത നടപടി കൈകൊള്ളാനും നിയമിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തലുകളാണ് കൗണ്‍സില്‍ കോടതിയെ അറിയിച്ചത്. മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് തരുണ്‍ അഗര്‍വാളായിരുന്നു സമിതി അധ്യക്ഷന്‍. കേസുമായി ബന്ധപ്പെട്ട ഹര്‍ജികളെല്ലാം നാളെ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ കേസില്‍ പ്രതികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകനെതിരെ കശ്മീര്‍ ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരുന്നു. എട്ടുവയസ്സുകാരി പെണ്‍കുട്ടി ക്രൂരമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ വസ്തുതകള്‍ വളച്ചൊടിച്ച് അഭിഭാഷകന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഈ തീരുമാനത്തിനു പിന്നില്‍.

കേസില്‍ അറസ്റ്റിലായ വിശാല്‍ ശര്‍മയ്‌ക്കെതിരെ മൊഴികൊടുക്കാന്‍ ക്രൈംബ്രാഞ്ച് സമ്മര്‍ദം ചെലുത്തിയെന്നു സാക്ഷി പറയുന്നതായ സിഡി അഭിഭാഷകന്‍ പ്രചരിപ്പിച്ചിരുന്നു. കേസിലെ മുഖ്യസൂത്രധാരന്‍ സഞ്ജി റാമിന്റെ മകനാണു വിശാല്‍ ശര്‍മ. സമൂഹമാധ്യമങ്ങളില്‍ വൈറലായ സിഡിക്കു പിന്നില്‍ ഈ അഭിഭാഷകനാണെന്നാണു വിവരം. മജിസ്‌ട്രേട്ടിനു മുന്നില്‍ സാക്ഷി മൊഴി നല്‍കുന്നുവെന്ന തരത്തിലാണു വിഡിയോ പ്രചരിക്കുന്നത്. പ്രാഥമിക പരിശോധനയില്‍ കോടതിക്കു പുറത്താണു വിഡിയോ ചിത്രീകരിച്ചതെന്നു വ്യക്തമായിട്ടുണ്ട്.

അതേസമയം ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ ജിഹാദിയെന്ന് വിളിച്ച് കേസിലെ പ്രതിഭാഗം അഭിഭാഷകന്‍. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കത്വവ കേസ് പ്രതിഭാഗം അഭിഭാഷകന്‍ അങ്കുര്‍ ശര്‍മ ആക്ഷേപ പരാമര്‍ശം നടത്തിയത്.

മെഹബൂബ മുഫ്തി ജിഹാദി മുഖ്യമന്ത്രിയാണ്. ഗോവധത്തിനും പശുക്കടത്തിനും നിയമപരിരക്ഷ നല്‍കുകയാണ് അവര്‍. ജമ്മു പ്രവിശ്യയിലെ ഹിന്ദു ഭൂരിപക്ഷ മേഖലകളെ ഒരു പ്രത്യേക മതവിഭാഗത്തിന് കൂടുതല്‍ സ്വാധീനമുള്ള പ്രദേശമാക്കി മാറ്റാനുള്ള ഇസ്‌ലാമോ ഫാസിസ്റ്റ് അജണ്ട നടപ്പാക്കുകയാണ് മെഹബൂബ.

ഇവിടെ ഭൂമി വാങ്ങിക്കൂട്ടാന്‍ വഴിവിട്ട സഹായങ്ങള്‍ ഒരു മത വിഭാഗത്തിന് ലഭിക്കുന്നുണ്ട്. ആദിവാസി നയം നടപ്പാക്കുന്നത് വരെ വനത്തില്‍ താമസിക്കുന്ന ഗോത്രവര്‍ഗക്കാരെ പുറത്താക്കരുതെന്ന മെഹബൂബയുടെ ഉത്തരവ് മുസ്‌ലിംകളായ ബക്കര്‍വാലുകളെ സഹായിക്കാനാണ്.

ഈ ഉത്തരവിന്റെ മറവില്‍ ഏക്കറുകണക്കിന് ഭൂമിയാണ് ബക്കര്‍വാലുകള്‍ കയ്യേറിയതെന്നും അങ്കുര്‍ പറഞ്ഞു. ഹിന്ദു ഏക്ത മഞ്ചിന്റെ പ്രവര്‍ത്തകന്‍ കൂടിയായ അങ്കുര്‍ ശര്‍മ, കത്വവ ബലാത്സംഗക്കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ സഞ്ജിരാമിന്റെ അഭിഭാഷകനാണ്.