ട്രെയിനും സ്‌കൂള്‍ബസും കൂട്ടിയിടിച്ച് 13 വിദ്യാര്‍ഥികള്‍ മരിച്ചു

single-img
26 April 2018

ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ തട്ടി 13 വിദ്യാര്‍ഥികള്‍ മരിച്ചു. ഗോരഖ്പൂരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ കുശിനഗറില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. എട്ടു വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഡിവൈന്‍ പബ്ലിക് സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.

ബേഹ്പുര്‍വയിലെ ആളില്ലാ ലെവല്‍ക്രോസില്‍വച്ച് 55075 താവെ – കപതാന്‍ഗഞ്ച് ട്രെയിനാണു സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ചതെന്നു റെയില്‍വേ വക്താവ് വേദ്പ്രകാശ് അറിയിച്ചു. ഗോരഖ്പുരില്‍നിന്നു സിവാനിലേക്കുള്ള യാത്രയിലായിരുന്നു ട്രെയിന്‍.

സ്‌കൂള്‍ ബസില്‍ വിദ്യാര്‍ഥികളടക്കം കുറഞ്ഞത് 25 പേരുണ്ടായിരുന്നു. കുട്ടികളില്‍ ഭൂരിഭാഗവും 10 വയസ്സില്‍ താഴെയുള്ളവരാണ്. ഗെയിറ്റ് കാവല്‍ക്കാരന്‍ ബസ് തടയാന്‍ ശ്രമിച്ചെങ്കിലും അപകടം സംഭവിക്കുകയായിരുന്നുവെന്ന് വക്താവ് വ്യക്തമാക്കി. ബനാറസ് റെയില്‍വേ ഡിവിഷനിലെ ദുധി സ്റ്റേഷനു സമീപമുള്ള ആളില്ലാ ലെവല്‍ക്രോസ് 45ലാണ് അപകടമുണ്ടായത്.

നിര്‍ഭാഗ്യകരമായ സംഭവമാണിതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. എല്ലാവിധ സഹായങ്ങളും ഉറപ്പുവരുത്തണമെന്ന് ജില്ലാ ഭരണകൂടത്തിനു മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പ്രസ്താവനയില്‍ അറിയിച്ചു.