ഭക്ഷണം തട്ടിത്തെറിപ്പിച്ചതിന് നാലുവയസ്സുകാരനെ ഗര്‍ഭിണി കാല്‍വെച്ചു വീഴ്ത്തി; ക്രൂരത വെളിച്ചത്തായത് സിസിടിവിയിലൂടെ

single-img
25 April 2018

ഭക്ഷണം തട്ടിത്തെറിപ്പിച്ചതിന് ഗര്‍ഭിണിയായ സ്ത്രീ നാലു വയസുകാരനെ കാല്‍വെച്ചു വീഴ്ത്തിയിട്ടു. ഹോട്ടലില്‍ ഭര്‍ത്താവുമൊത്ത് ഭക്ഷണം കഴിക്കുന്നതിനിടെയാണ് നാലു വയസുകാരന്റെ കുസൃതിയില്‍ യുവതിയുടെ ദേഹത്ത് ഭക്ഷണം തെറിച്ചത്. ഇതില്‍ അസ്വസ്ഥയായ ഇവര്‍ കുട്ടിയെ കാല്‍ കൊണ്ട് തട്ടി വീഴ്ത്തുകയായിരുന്നു.

ചൈനയിലാണ് സംഭവം. ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു ഗര്‍ഭിണിയും ഭര്‍ത്താവും. ഈ സമയത്താണ് ഒരു കുട്ടി കര്‍ട്ടന്‍ നീക്കിക്കൊണ്ട് ഹോട്ടലിനുള്ളിലേക്ക് ഓടി വന്നത്. നീങ്ങിയ കര്‍ട്ടന്‍ സ്ത്രീയുടെ ദേഹത്ത് തട്ടുന്നതും ഇവരുടെ കയ്യിലുള്ള ഭക്ഷണം ചെറുതായി തൂവുന്നതും ദൃശ്യങ്ങളിലുണ്ട്.

എന്നാല്‍ കരുതിക്കൂട്ടിയല്ലാതെ ചെയ്ത കുട്ടിത്തം നിറഞ്ഞ ആ പ്രവൃത്തി ഭാര്യയെയും ഭര്‍ത്താവിനെയും ചൊടിപ്പിക്കുകയായിരുന്നു. ഇതിലുള്ള വൈരാഗ്യത്തില്‍ കുട്ടിയെ ഗര്‍ഭിണി കാല്‍വെച്ച് വീഴ്ത്തുന്നത് സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. വീണ കുട്ടിയെ സ്ത്രീയോ സ്ത്രീയുടെ ഭര്‍ത്താവോ എഴുന്നേല്‍ക്കാന്‍ പോലും സഹായിക്കാത്തതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.

ഹൃദയ സംബന്ധമായ രോഗങ്ങളുള്ള കുട്ടിയെയാണ് ഗര്‍ഭിണി കാല്‍വെച്ച് വീഴ്ത്തിയത്. വീഴ്ച്ചയില്‍ കുട്ടിക്ക് സാരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. തുടര്‍ന്ന് ആശുപത്രിയില്‍ വെച്ചാണ് കുട്ടി അമ്മയോട് കാല്‍വെച്ച് വീഴ്ത്തിയ കഥ പറയുന്നത്. അമ്മ ഹോട്ടലില്‍ ചെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അത് വ്യക്തമാവുകയും ചെയ്തു. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

10,500 രൂപയും 10 ദിവസം തടവിനുമുള്ള വകുപ്പുകള്‍ ചേര്‍ത്ത കുറ്റം ചുമത്തുമെന്ന് പോലീസ് പറഞ്ഞെങ്കിലും ഏഴു മാസം ഗര്‍ഭിണിയായതിനാല്‍ പരാതിയില്‍ നിന്ന് കുട്ടിയുടെ അമ്മ പിന്‍മാറുകയായിരുന്നു. ഗര്‍ഭിണി മാപ്പ് പറഞ്ഞിട്ടുമുണ്ട്. അമ്മ ക്ഷമിച്ചെങ്കിലും സോഷ്യല്‍മീഡിയ സ്ത്രീയോട് പൊറുത്ത മട്ടില്ല.

അമ്മയാവാന്‍ പോവുന്ന ഒരു സ്ത്രീയില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നാണ് ഭൂരിഭാഗം പേരുടെയും പ്രതികരണം.