അങ്ങനെ ആ’വവ്വാല്‍ ക്ലിക്’ ബിബിസിയിലും വാര്‍ത്തയായി

single-img
25 April 2018

നവവധൂവരന്മാരുടെ വ്യത്യസ്തചിത്രമെടുക്കാന്‍ വവ്വാലുപോലെ മരത്തില്‍ കാമറയുമായി തൂങ്ങിക്കിടക്കുന്ന ഫൊട്ടോഗ്രഫറുടെ അഭ്യാസപ്രകടനം ബിബിസിയിലും വാര്‍ത്തയായി. ഇതുവരെ കണ്ടിട്ടുള്ള ഫൊട്ടോഗ്രഫര്‍മാരില്‍ ഏറ്റവും അര്‍പ്പണബോധമുള്ളയാള്‍ എന്ന വിശേഷണത്തോടെയാണ് ഫൊട്ടാഗ്രഫറുടെ അഭ്യാസം ബിബിസി വാര്‍ത്തയാക്കിയത്.

ചിത്രമെടുക്കുന്നതിന്റെ വീഡിയോയും വാര്‍ത്തയോടൊപ്പം നല്‍കി. ഇതോടെ ഫൊട്ടോഗ്രഫറും നവദമ്പതിമാരും ലോകശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. ഏപ്രില്‍ 15നായിരുന്നു ഇവരുടെ വിവാഹവും ഫോട്ടോഗ്രാഫറായ വിഷ്ണുവിന്റെ ഊഞ്ഞാല്‍ പ്രകടനവും. ഇതിനു മുമ്പും മികച്ച ചിത്രങ്ങള്‍ക്കായി മരക്കൊമ്പില്‍ കയറിയിട്ടുണ്ടെന്ന് വിഷ്ണുതന്നെ ബിബിസിയോട് വെളിപ്പെടുത്തി.

മരക്കൊമ്പില്‍ കാലുമടക്കി തൂങ്ങിക്കിടന്ന് ഇരുവരും മുകളിലേക്കു നോക്കുന്ന ചിത്രമെടുത്തശേഷം ക്യാമറ അവരെയേല്‍പിച്ച് സുരക്ഷിതമായി തൂങ്ങിയിറങ്ങുന്നതാണ് ദൃശ്യം. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലുമായി പ്രചരിച്ച വവ്വാല്‍ ഷോട്ടിന്റെ വിഡിയോയും ഫോട്ടോയും മൂവായിരത്തിലധികം തവണയാണ് റീട്വീറ്റ് ചെയ്യപ്പെട്ടത്. പതിനായിരത്തോളം ലൈക്കുകളും നൂറുകണക്കിന് ഷെയറുകളും ഇതിനകം ലഭിച്ചുകഴിഞ്ഞു.