കേരളതീരത്ത് വൻതിരമാലകൾക്ക് സാധ്യത; ജാഗ്രത നിർദ്ദേശം: ശംഖുമുഖം തീരത്ത് സഞ്ചാരികൾക്ക് നിയന്ത്രണം

single-img
25 April 2018

കേരളതീരത്ത് കടലാക്രമണവും ഉയർന്ന തിരമാലകളും ഇന്ന് രാത്രിവരെ തുടരുമെന്ന് ദേശീയസമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ന് അർദ്ധരാത്രിവരെ കടൽക്ഷോഭം അനുഭവപ്പെടും. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ, കാസർകോട് ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത.

മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും ഇടയുണ്ട്. തീരത്ത് താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്നും മത്സ്യതൊഴിലാളികൾ കടലിൽപോകരുതെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം ശംഖുമുഖം തീരത്ത് സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.

കടലാക്രമണം ശക്തമായതിനാലും തീരവും അടുത്തുള്ളറോഡും ഭാഗികമായി തകർന്നതിനാലുമാണ് നടപടി. സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ കടലാക്രമണം അനുഭവപ്പെടുകയാണ്. തിരത്തള്ളൽ എന്ന് അറിയപ്പെടുന്ന പ്രതിഭാസമാണ് വൻതിരമാലകൾക്ക് കാരണമായതെന്ന് സമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു.