സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഫുള്‍കോര്‍ട്ട് വിളിക്കണം; ചീഫ് ജസ്റ്റിസിന് ജഡ്ജിമാരുടെ കത്ത്

single-img
25 April 2018

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഫുള്‍കോര്‍ട്ട് വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ജഡ്ജിമാര്‍ രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് രണ്ട് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് കത്തയച്ചു. ജഡ്ജിമാരായ രഞ്ജന്‍ ഗൊഗോയും മഥന്‍ ബി ലോക്കൂറുമാണ് കത്തയച്ചത്.

രണ്ട് വാചകങ്ങള്‍ മാത്രമുള്ള കത്താണ് ഗോഗോയിയും ലോകൂറും ചേര്‍ന്ന് നല്‍കിയത്. ജുഡിഷ്യറിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോടതി മുന്‍കൈ എടുത്ത് ഫുള്‍ കോര്‍ട്ട് വിളിക്കണം. സുപ്രീം കോടതിയിലെ ഭാവിക്ക് ഇത് അത്യാവശ്യമാണ് – ഇതാണ് കത്തിലുള്ളത്.

കഴിഞ്ഞ ഞായറാഴ്ചയാണ് കത്ത് നല്‍കിയത്. കത്തിന് ദീപക് മിശ്ര മറുപടിയൊന്നും നല്‍കിയിട്ടില്ല. തിങ്കളാഴ്ച രാവിലെ പതിവ് ചായയ്ക്കായി ജഡ്ജിമാര്‍ ഒത്തുചേര്‍ന്നപ്പോള്‍ ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന ആവശ്യം ചില ജഡ്ജിമാര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് ഇക്കാര്യത്തില്‍ പ്രത്യേക അഭിപ്രായമൊന്നും പറഞ്ഞിരുന്നില്ല.

കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ജുഡിഷ്യറിക്ക് മേല്‍ അനാവശ്യ ഇടപെടലുണ്ടാവുന്നതില്‍ നിന്ന് കോടതികളെ സംരക്ഷിക്കാന്‍ എല്ലാ ജഡ്ജിമാരേയും ഉള്‍പ്പെടുത്തി കൊണ്ടുള്ള നീക്കം വേണമെന്ന് കൊളീജിയത്തിലെ മുതിര്‍ന്ന ജഡ്ജിമാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.