തൃശൂര്‍ പൂരം വെടിക്കെട്ട് പ്രതിസന്ധിയില്‍: ചരിത്രത്തില്‍ ആദ്യമായി തിരുവമ്പാടിയുടെ ആചാരവെടിയും മുടങ്ങി

single-img
25 April 2018

തൃശൂര്‍ പൂരാവേശം അവസാന മണിക്കൂറിലെത്തിയിട്ടും വെടിക്കെട്ടിന് ഇനിയും അനുമതി ലഭിച്ചില്ല. റവന്യൂ, എക്‌സ്‌പ്ലോസീവ് ഉദ്യോഗസ്ഥരാണ് വെടിക്കെട്ടിന് അനുമതി നല്‍കേണ്ടത്. ഇതേ തുടര്‍ന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ പ്രതിഷേധവവുമായി രംഗത്തെത്തി.

നാളെ പുലര്‍ച്ചെ മൂന്നു മണിക്കാണ് വെടിക്കട്ട് നടക്കേണ്ടത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വെടിക്കട്ടിന്റെ വലുപ്പം വളരെ കുറഞ്ഞാലും വര്‍ണവിസ്മയം തീര്‍ത്ത് ഇത് മറികടക്കാനായിരുന്നു ദേവസ്വങ്ങളുടെ തീരുമാനം. വെടിക്കെട്ടിന്റെ അനുമതി വൈകിപ്പിച്ച് ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുകയാണെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ആരോപിച്ചു. സാംപിള്‍ വെടിക്കെട്ടിനിടെ ആറു പേര്‍ക്ക് പരുക്കേറ്റതിന് പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ക്ക് റവന്യൂ ഉദ്യോഗസ്ഥര്‍ നോട്ടിസ് നല്‍കി.

അതേസമയം, നാളെ പുലര്‍ച്ചെ നടക്കുന്ന വെടിക്കെട്ടിന് അനുമതി നല്‍കുമെന്ന് ജില്ലാ കലക്ടര്‍ പ്രതികരിച്ചു. അനുമതിയ്ക്കുള്ള കാലതാമസം സ്വാഭാവികമാണെന്ന് കലക്ടര്‍ വിശദീകരിച്ചു. അതേസമയം തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള മഠത്തിലേക്കുള്ള വരവ് നായ്ക്കനാലില്‍ ജങ്ഷനില്‍ എത്തുമ്പോള്‍ പൊട്ടിക്കാറുള്ള തിരുവമ്പാടിയുടെ ആചാരവെടിയും മുടങ്ങി.

ജില്ലാ കലക്ടര്‍ എ. കൗശികന്‍ അനുമതി നല്‍കാതിരുന്നതാണ് ചടങ്ങ് മുടങ്ങാന്‍ ഇടയാക്കിയത്. വെടിമരുന്ന് പരിശോധനയില്‍ പൊട്ടാസ്യം ക്ലോറൈഡ് ഇല്ലെന്ന് വ്യക്തമായിട്ടും ആചാരവെടിക്ക് അനുമതി നല്‍കാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
രാവിലെ എട്ടു മണിക്ക് തിരുവമ്പാടി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടുന്ന മഠത്തിലേക്ക് വരവ് നായ്ക്കനാല്‍ ജങ്ഷനില്‍ എത്തുമ്പോള്‍ 51 ഗുണ്ടുകളാണ് ആചാര വെടിയായി പൊട്ടിക്കാറുള്ളത്. ഇതാണ് പൂരത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മുടങ്ങിയത്.

പൂരം സാമ്പിള്‍ വെടിക്കെട്ടിന് മുമ്പ് നടന്ന പരിശോധനയില്‍ പൊട്ടാസ്യം ക്ലോറൈഡിന്റെ അംശം വെടിമരുന്നില്‍ ഉള്ളതായി സംശയം ഉണ്ടായിരുന്നു. എന്നാല്‍, പിന്നീട് നടത്തിയ പരിശോധനയില്‍ പൊട്ടാസ്യം ക്ലോറൈഡിന്റെ കണ്ടെത്തിയിരുന്നില്ല. എന്നിട്ടും അനുമതി ലഭിച്ചില്ല.

മഠത്തില്‍ നിന്നുള്ള വരവ് കാണാന്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എത്തിയിട്ടുണ്ട്. കൂടാതെ, പൂരത്തിന്റെ പ്രധാന ആകര്‍ഷണമായ കുടമാറ്റം കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനും എത്തുന്നുണ്ട്.