അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി

single-img
25 April 2018

തൃശ്ശൂര്‍: പ്രതിസന്ധികള്‍ക്കൊടുവില്‍ തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് അനുമതിയായി. റവന്യൂ, എക്‌സ്‌പ്ലോസീവ് വകുപ്പുകളാണ് പൂരം വെടിക്കെട്ടിന് അനുമതി നല്‍കിയിരിക്കുന്നത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചു.

നാളെ പുലര്‍ച്ചെ മൂന്നു മണിക്കാണ് വെടിക്കെട്ട്. പരമ്പരാഗതമായി നടത്തുന്ന വെടിക്കെട്ട് ചടങ്ങുകളെല്ലാം ഉണ്ടാകും. പതിവുപോലെ വെടിക്കെട്ട് നടത്താമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. വെടിക്കെട്ടിന്റെ അനുമതി വൈകിപ്പിച്ച് ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുകയാണെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ആരോപിച്ചിരുന്നു.

തിരുവമ്പാടി എഴുന്നള്ളിപ്പിന് 51 ആചാര വെടി മുഴക്കുന്നതിനും അനുമതി നല്‍കാത്തതും പൂരത്തെ പ്രതിഷേധച്ചൂടിലാക്കിയിരുന്നു. സാംപിള്‍ വെടിക്കെട്ടിന് കുഴിമിന്നല്‍ പൊട്ടിക്കാനും അനുമതി നല്‍കിയിയിരുന്നില്ല. ആചാരങ്ങള്‍ പ്രകാരം വെടിക്കെട്ട് നടത്താന്‍ രണ്ടു ദേവസ്വങ്ങളേയും ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിക്കുന്നതില്‍ കടുത്ത അതൃപ്തി നിലനിന്നിരുന്നു.

കടുത്ത നിയന്ത്രണങ്ങളാണ് വെടിക്കെട്ടിന്റെ കാര്യത്തില്‍ ഇത്തവണ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും കൊണ്ടുവന്നിട്ടുള്ളത്. അതിനിടെ സാംപിള്‍ വെടിക്കെട്ടിനിടെ ആറു പേര്‍ക്ക് പരുക്കേറ്റതിന് പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ക്ക് റവന്യൂ ഉദ്യോഗസ്ഥര്‍ നോട്ടിസ് നല്‍കി.

ഈ നോട്ടിസ് ഇന്നു രാവിലെ പാറമേക്കാവ് ദേവസ്വം സെക്രട്ടറിയുടെ വീട്ടില്‍ എത്തിയാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. എത്രയും വേഗം ഹാജരാകണമെന്ന നോട്ടിസ് പൂരദിവസംതന്നെ നല്‍കിയത് ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യത്തിന്റെ ഉദാഹരണമാണെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി പ്രതികരിച്ചു. കഴിഞ്ഞ ദിവസം സാംപിള്‍ വെടിക്കെട്ടിനിടെ ആറു പേര്‍ക്ക് നിസാര പരുക്കേറ്റിരുന്നു.