മോദിയുടെ ശാസനക്ക് പുല്ലുവില കല്‍പ്പിച്ച് ബിജെപി നേതാക്കള്‍; മമത ബാനര്‍ജി ശൂര്‍പ്പണഖയെന്ന് യുപി എംഎല്‍എ

single-img
25 April 2018

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ശൂര്‍പ്പണഖ എന്ന് വിശേഷിപ്പിച്ച് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ. ബിജെപി നേതാക്കളോട് വിവാദ പ്രസ്താവനകളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി താക്കീത് നല്‍കിയതിനു പിന്നാലെയാണ് യുപി എംഎല്‍എ സുരേന്ദ്ര സിങ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്.

പശ്ചിമബംഗാളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ മമത ബാനര്‍ജി നടപടികളൊന്നും സ്വകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎല്‍എയുടെ വിമര്‍ശനം. ശൂര്‍പ്പണഖയെപ്പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്. ഇത്തരം നേതാക്കള്‍ നാടിന് നല്ലതല്ല. ജമ്മു കശ്മീരിലേതിന് സമാനമായ സ്ഥിതിയാണ് പശ്ചിമബംഗാളിലുള്ളതെന്നും ഹിന്ദുക്കള്‍ക്ക് നാടുവിട്ടുപോകേണ്ട സ്ഥിതിയാണുള്ളതെന്നും സുരേന്ദ്ര സിങ് പറയുന്നു.

കോണ്‍ഗ്രസ് രാവണനെപ്പോലെയാണ് പെരുമാറുന്നതെന്നും സുരേന്ദ്ര സിങ് ആരോപിച്ചു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇസ്ലാമും ഭഗവത് ഗീതയും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കുമെന്ന് ഏതാനും ദിവസം മുന്‍പ് അദ്ദേഹം പ്രസ്താവിച്ചത് വലിയ വിവാദമായിരുന്നു.