ലിഗയുടെ മരണം കൊലപാതകം?; മരിച്ചത് ശ്വാസംമുട്ടിയാകാമെന്ന് ഡോക്ടര്‍മാര്‍

single-img
25 April 2018

തിരുവനന്തപുരം: ലിഗയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു. ലിഗ ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് മൃതദേഹ പരിശോധന നടത്തിയ ഫോറന്‍സിക് ഡോക്ടര്‍മാരുടെ നിഗമനം. ഇതവര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. അന്തിമ നിഗമനം രാസപരിശോധനാ ഫലം കിട്ടിയശേഷം മാത്രമേ വെളിവാകൂ.

മാനഭംഗം നടന്നിട്ടില്ലെന്നും നിഗമനമുണ്ട്. പുതിയ സാഹചര്യത്തില്‍ കൊലപാതക സാധ്യത തള്ളാതെ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം കണ്ടെത്തി ആറ് ദിവസമാകുമ്പോഴും ദുരൂഹതകള്‍ നീക്കാനാവാതെ അന്വേഷണസംഘം വലയുകയാണ്. മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടടക്കമുള്ള പരിശോധനാഫലങ്ങള്‍ വൈകുന്നതാണു പ്രധാന കാരണം. കേസില്‍ നിര്‍ണായകമാകുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നു ലഭിക്കുമെന്നാണു പ്രതീക്ഷ.

ശ്വാസം മുട്ടിയാണ് മരണമെന്ന് ഉറപ്പിച്ചെങ്കിലും കൃത്യത്തിന് പിന്നിലാരാണെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിന്റെ ഭാഗമായി പനത്തുറ പുനംതുരുത്തിലെ ചെന്തിലാക്കരിയിലേക്കുള്ള വഴിയിലും കടത്തുകടവിലും താമസിക്കുന്നവരേയും കയര്‍ തൊഴിലാളികളേയും പൊലീസ് ആവര്‍ത്തിച്ച് ചോദ്യം ചെയ്യുന്നുണ്ട്.

ചീട്ടുകളിക്കാനും മറ്റും ചെന്തിലക്കരിയില്‍ വരാറുള്ള ഏതാനും യുവാക്കളെ പൊലീസ് കഴിഞ്ഞദിവസങ്ങളില്‍ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നെങ്കിലും ശ്വാസം മുട്ടിയാണ് മരണമെന്ന റിപ്പോര്‍ട്ട് പുറത്തായതോടെ ഇവരെ വീണ്ടും വരുത്തി മൊഴിയെടുക്കുന്നുണ്ട്.

മൃതദേഹം കണ്ടെത്തിയ വിവരം പുറം ലോകത്തെ അറിയിച്ച മീന്‍പിടിക്കാനെത്തിയ യുവാക്കളുടെ സംഘത്തെയും പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. ലിഗ കടവിലേക്ക് നടന്നുപോകുന്നതും കായലില്‍ കുളിക്കുന്നതും കണ്ടതായി സമീപവാസിയായ സ്ത്രീ പറഞ്ഞിരുന്നുവെന്ന യുവാക്കളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇവരെയും വിശദമായി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ലിഗയെ കണ്ട വിവരം ഇവര്‍ പൊലീസിനോട് നിഷേധിച്ചതായാണ് സൂചന.

ലിഗയെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലം മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കേന്ദ്രമാണ്. ഇവിടുത്തെ മയക്കുമരുന്ന്, മദ്യപാന സംഘത്തെ ചുറ്റിപ്പറ്റിയാണ് അന്വേഷണം മുന്നേറുന്നത്. ചെന്തിലാക്കരിയ്ക്ക് എതിര്‍വശമുള്ള വെള്ളച്ചിറ മാറയെന്ന സ്ഥലവും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ സങ്കേതമാണ്. മയക്കുമരുന്ന് കുത്തിവയ്ക്കാനും മറ്റും നിരവധി പേര്‍ ക്യാമ്പ് ചെയ്യാറുള്ള ഇവിടെ ബീച്ചില്‍ നിന്നും വിദേശികളുള്‍പ്പെടെയുള്ളവരെ വശീകരിച്ചെത്തിക്കുന്നവരെ കണ്ടെത്താനുള്ള അന്വേഷണവും നടന്നുവരികയാണ്.

വിഷാദ രോഗത്തിന് അടിമയായ ലിഗയെ കോവളം ബീച്ചില്‍ ചുറ്റിതിരിയുമ്പോഴോ ഏകയായി കാണപ്പെട്ടപ്പൊഴോ സൗഹൃദം നടിച്ചെത്തിയ ആരെങ്കിലുമാകാം ദുരുദ്ദേശത്തോടെ അവരെ വശീകരിച്ച് വിജനമായ പൂനംതുരുത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. എന്നാല്‍ മാനസിക പ്രശ്‌നങ്ങളുണ്ടെങ്കിലും അക്രമ സ്വഭാവമൊന്നും പ്രകടിപ്പിക്കാത്ത പ്രകൃതക്കാരിയായ ലിഗയെ കൊലപ്പെടുത്താനുള്ള കാരണമെന്താണെന്നത് പൊലീസിന് ഇപ്പോഴും വ്യക്തമായിട്ടില്ല.

ലിഗയുടെ പക്കല്‍ പണമോ ആഭരണങ്ങളോ ഉണ്ടായിരുന്നില്ല. കവര്‍ച്ച ലക്ഷ്യമാക്കിയല്ല കൃത്യമെന്ന് ഇതില്‍ നിന്ന് ഊഹിക്കാം. ലിഗയുടെ ശരീരത്ത് പുറമേ പരിക്കുകളോ ഒടിവുകളോ കണ്ടെത്തിയിട്ടില്ല. മാനഭംഗ ശ്രമവുമുണ്ടായിട്ടില്ല. അപായപ്പെടുത്താനുള്ള ഇത്തരം സാദ്ധ്യതകളൊന്നും ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തില്‍ ലിഗയെ കൊലപ്പെടുത്തിയത് എന്തിനെന്ന ചോദ്യത്തിനാണ് പൊലീസിന് ഉത്തരം കണ്ടെത്തേണ്ടത്.

മരണത്തെ കുറിച്ച് ലിഗയുടെ ബന്ധുക്കളടക്കം ആരോപണവുമായി രംഗത്തെത്തിയതോടെ അന്വേഷണ സംഘത്തെ വിപുലപ്പെടുത്തുകയായിരുന്നു. മൂന്ന് എസിപിമാരെ സംഘത്തില്‍ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തിന്റെ അംഗബലം 25 ആക്കിയിട്ടുണ്ട്. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.