കേരളം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

single-img
25 April 2018

കൊച്ചി: കേരളം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മറൈന്‍ഡ്രൈവില്‍ നടത്തിവന്ന 24 മണിക്കൂര്‍ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ സി.പി.യുടെയും ബ്രിട്ടീഷുകാരുടെയും ശൈലിയാണ് പിണറായി പിന്തുടരുന്നത്. നിരപരാധിയെ തല്ലിക്കൊന്നിട്ടും ഭരിക്കുന്നവര്‍ കൊല്ലപ്പെട്ടയാളുടെ വീട്ടിലേക്ക് തിരിഞ്ഞുനോക്കിയില്ല. പിണറായി ഭരണം ജനങ്ങള്‍ക്ക് ദ്രോഹമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

പിണറായിക്ക് യാത്രക്കാരെ ബന്ദിയാക്കി വിമാനം റാഞ്ചുന്നവരെ ആരാധിക്കുന്ന സ്റ്റോക് ഹോം സിന്‍ഡ്രോം ബാധിച്ചിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ശ്രീജിത്തിനെ കുടുക്കാന്‍ ശ്രമിച്ചതില്‍ സി.പി.എം. ജില്ലാസെക്രട്ടറി പി. രാജീവ് അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കണം.

കസ്റ്റഡിമരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് കെ. കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനം രാജി വെച്ചതെന്ന് പിണറായി ഓര്‍ക്കണം. ഈ കേസിലാണ് ജയറാം പടിക്കല്‍ ജയിലില്‍ കിടന്നതെന്ന് എ.വി. ജോര്‍ജും ചിന്തിക്കണം. ഭ്രാന്തുപിടിച്ച പോലീസിനെ നിലയ്ക്കുനിര്‍ത്താന്‍ യു.ഡി.എഫ്. മുന്നിട്ടിറങ്ങുമെന്നും ചെന്നിത്തല പറഞ്ഞു.