കെപിസിസിയ്ക്ക് പുതിയ അധ്യക്ഷന്‍ വരുമെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും; ജനമോചനയാത്ര പൊളിക്കാനുള്ള ശ്രമമെന്ന് തിരിച്ചടിച്ച് എം.എം.ഹസന്‍

single-img
25 April 2018

താന്‍ നയിക്കുന്ന ജനമോചന യാത്ര പൊളിക്കാന്‍ ശ്രമം നടന്നെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍. യാത്ര നടക്കുമ്പോള്‍ കെപിസിസിക്കു പുതിയ പ്രസിഡന്റ് വരുമെന്നുള്ള പ്രചാരണം യാത്ര പൊളിക്കാനായിരുന്നു. അത്തരമൊരു ചര്‍ച്ച ഇപ്പോള്‍ നടക്കുന്നില്ല.

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഡല്‍ഹിക്കു പോയത് ഇതുമായി ബന്ധപ്പെട്ടല്ല. ആരാണ് യാത്ര പൊളിക്കാന്‍ ശ്രമിച്ചതെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയാമെന്നും ഹസന്‍ പറഞ്ഞു. കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് തീരുമാനമെടുക്കുമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമായിരുന്നു ചെന്നിത്തലയുടെ മറുപടി. പക്ഷേ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ് മാത്രമേ കേരളത്തിലെ കോണ്‍ഗ്രസിന് പുതിയ അമരക്കാരന്‍ ഉണ്ടാകു എന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യാഴാഴ്ച്ച പറഞ്ഞത്.

രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ കെ.പി.സി.സി. അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളുടെ ഇടയില്‍ ഭിന്നതയുണ്ടെന്നും സൂചനകളുണ്ട്.