അമേരിക്കയിലെ എന്‍.ബി.സി ടെലിവിഷനില്‍ താരത്തിളക്കവുമായി എറണാകുളത്ത് നിന്നുമുള്ള ലിറ്റില്‍ ഷെഫ് കിച്ച

single-img
25 April 2018

എറണാകുളത്ത് നിന്നുമുള്ള ലിറ്റില്‍ ഷെഫ് കിച്ച എന്‍.ബി.സി ടെലിവിഷന്റെ ലിറ്റില്‍ ബിഗ് ഷോട്‌സ് പരിപാടിയില്‍ താരമായി. ലോക പ്രസിദ്ധ ടെലിവിഷന്‍ ആങ്കര്‍ സ്റ്റീവ് ഹാര്‍വയോടൊപ്പമാണ് കിച്ച പരിപാടിയില്‍ തിളക്കമാര്‍ന്ന സാന്നിദ്ധ്യമായത്.

ലോകമെമ്പാടുമുള്ള നിരവധി ടാലന്റഡ് കിഡ്‌സില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏതാനും കുട്ടികളില്‍ ഒരാള്‍ കിച്ചയായിരുന്നു. എന്‍.ബി.സി ഷോയില്‍ കിച്ച തയ്യാറാക്കിയത് കോക്കനട്ട് മൂസ്സെയും, ഫലൂദയുമായിരുന്നു. കുട്ടികളുടെ പാട്ടുകാരിയായ അല്‍ സ്റ്റാര്‍ട്ടിന്റെ പോപ്പുലര്‍ ഗാനം ആലപിച്ചുകൊണ്ടാണ് കിച്ച രണ്ട് വിഭവങ്ങളും ഉണ്ടാക്കിയത്. പാട്ടില്‍ സ്റ്റീവും ഒരുമിച്ചപ്പോള്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ പുത്തന്‍ ഭാവങ്ങള്‍ ഉണരുകയായിരുന്നു.

കൊച്ചി ചോയ്‌സ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ കിച്ച മൂന്നര വയസുള്ളപ്പോഴാണ് യൂട്യൂബില്‍ ഹരമായത്. മാംഗോ ഐസ്‌ക്രീമിന്റെ റസിപ്പി അവതരിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. ഇപ്പോള്‍ 140 ഓളം റെസിപ്പികളാണ് കിച്ചയുടെ യൂട്യൂബ് ചാനലിലുള്ളത്. ലോകമെമ്പാടും ആരാധകരുള്ള ഈ ലിറ്റില്‍ ഷെഫ് പങ്കെടുത്ത അന്താരാഷ്ട്ര പരിപാടികളില്‍ അമേരിക്കയിലെ എലെന്‍-ഡി-ജെനെറസ് ഷോ, ലിറ്റില്‍ ബിഗ് ഷോട്ട്‌സ് യു.കെ, ലിറ്റില്‍ ബിഗ് ഷോട്ട്‌സ് യു.എസ്.എ, ലിറ്റില്‍ ബിഗ് ഷോട്ട്‌സ് വിയറ്റ്‌നാം എന്നിവയും പെടുന്നു.

ഇപ്പോള്‍ പ്രക്ഷേപണം ചെയ്ത പരിപാടിയുടെ നിര്‍മ്മാതാക്കള്‍ എലന്‍-ഡി-ജെനെറസും സ്റ്റീവ് ഹാര്‍വെയുമാണ്. കൂടാതെ കളേഴ്‌സ് ടിവിയുടെ സൂപ്പര്‍ കിഡ്‌സിലും കിച്ച പങ്കെടുത്തിട്ടുണ്ട്.

ലിറ്റില്‍ ബിഗ് ഷോട്ട്‌സിലും എലന്‍-ഡി-ജെനെറസ് ഷോയിലും പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനും, മലയാളിയും എന്ന പ്രത്യേകതയും എട്ടു വയസുകാരനായ കിച്ചയ്ക്കുണ്ട്. നിരധി പ്രമുഖ ബ്രാന്റുകളുടെ ബ്രാന്റ് അംബാസിഡറുമാണ് കിച്ച ഇപ്പോൾ. സെന്‍ട്രല്‍ അഡ്വര്‍ടൈസിംഗിലെ വികെ രാജഗോപാലനും റൂബിയുമാണ് കിച്ചയുടെ മാതാപിതാക്കല്‍. അമേരിക്കയിലുള്ള സഹോദരി നിധയാണ് കിച്ചയുടെ മാനേജര്‍.