ഒന്നിലധികം തവണ ഹജ്ജും ഉംറയും നിര്‍വഹിക്കാന്‍ ഇനിമുതല്‍ 35000 രൂപ അധികം നല്‍കണം

single-img
25 April 2018

നേരത്തെ ഹജ്ജോ ഉംറയോ നിര്‍വഹിച്ച ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകരില്‍നിന്ന് 2,000 റിയാല്‍ പ്രത്യേകം ഈടാക്കുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം. ഓരോ വ്യക്തിക്കും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ഹജ്ജ്/ ഉംറ വിസ അനുവദിച്ചാല്‍ മതിയെന്നും പിന്നീടുള്ള തീര്‍ഥാടനത്തിന് നിരക്ക് ഈടാക്കണമെന്നുമുള്ള സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ നയപ്രകാരമാണ് 2,000 റിയാല്‍ അധികം വാങ്ങുന്നത്

ഇതോടെ ഈ വര്‍ഷം ഹജ്ജിന് പോകുന്നവരില്‍ നിരവധിയാളുകള്‍ക്ക് നിശ്ചിത തുകയോടൊപ്പം 35,202 രൂപ അധികം നല്‍കേണ്ടിവരും. ഇവരുടെ പട്ടിക കേന്ദ്രഹജ് കമ്മറ്റി പ്രസിദ്ധീകരിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോകുന്നവര്‍ക്കുളള രണ്ടാംഗഡു പണം നിശ്ചയിച്ചതിന് ശേഷമാണ് സൗദിയുടെ പുതിയ സര്‍ക്കുലര്‍ കേന്ദ്രഹജ്ജ് കമ്മറ്റിക്ക് ലഭിച്ചത്.

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഗ്രീന്‍ വിഭാഗക്കാര്‍ക്ക് 2,56,350 രൂപയും അസീസിയ വിഭാഗക്കാര്‍ക്ക് 2,22,200 രൂപയുമാണ് ചെലവ് വരിക. ഇതിന് പുറമെയാണ് നേരത്തെ ഉംറയും ഹജ്ജും നിര്‍വഹിച്ചവര്‍ 2000 റിയാല്‍ നല്‍കണമെന്ന് നിര്‍ദേശിച്ചത്.

ഹജ് തീര്‍ഥാടകരില്‍ ഉംറ നിര്‍വ്വഹിക്കാത്തവര്‍ കുറവായതിനാല്‍ ഭൂരിഭാഗം പേര്‍ക്കും നിലവിലെ നിരക്കിനൊപ്പം അധികം തുക നല്‍കേണ്ടിവരും. വര്‍ഷങ്ങള്‍ക്കുമുമ്പ് ഹജ്ജോ ഉംറയോ നിര്‍വഹിച്ചവരും അധിക തുക നല്‍കണം. സൗദിയില്‍ പ്രവേശിക്കുന്നതിനുമുമ്പ് തുക അടയ്‌ക്കേണ്ടി വരും. നേരത്തെയുള്ള പാസ്‌പോര്‍ട്ട് റദ്ദാക്കി പുതിയ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാലും രക്ഷയുണ്ടാവില്ല.

ഹജിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 21,000 രൂപ അധികം ചെലവ് വരുന്നുണ്ട്. ഹജ് സബ്‌സിഡി ഒഴിവാക്കിയതും വിമാനത്താവള നികുതി വര്‍ധിപ്പിച്ചതുമടക്കം ഇതിന് കാരണമായിട്ടുണ്ട്. അതേസമയം സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ഈ വര്‍ഷം തീര്‍ഥാടനത്തിന് അവസരം ലഭിച്ച രണ്ട് വയസിനുതാഴെയുളള കുട്ടികളുടെ വിമാനനിരക്കില്‍ മാറ്റം വരുത്തി.

കേന്ദ്ര ഹജ് കമ്മിറ്റി പുതുതായി പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പ്രകാരം വിമാനത്താവള നിരക്ക് നികുതി ഉള്‍പ്പെടെ 11,660 രൂപയാണ് നെടുമ്പാശ്ശേരിയില്‍ നിന്നുളള നിരക്ക്. നേരത്തെയുളള സര്‍ക്കുലര്‍ പ്രകാരം 10,660 രൂപയായിരുന്നു. 6,006 രൂപ വിമാനകമ്പനി നിരക്കും 5,653 മറ്റു നിരക്കുകളുമാണെന്ന് അധികൃതര്‍ പറയുന്നു.