ട്രംപിന്റെ പുതിയ നയം: 60,000 ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടപ്പെടും

single-img
25 April 2018

എച്ച്1 ബി വീസയില്‍ എത്തുന്നവരുടെ പങ്കാളികളെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന രീതി നിര്‍ത്തലാക്കാനുള്ള യുഎസ് തീരുമാനം അറുപതിനായിരത്തോളം വരുന്ന ഇന്ത്യക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വര്‍ക്കിങ് വീസയായ എച്ച്–4 നിര്‍ത്തലാക്കാനാണ് യുഎസിന്റെ തീരുമാനം.

എച്ച്–4 വീസയില്‍ ജോലി ചെയ്യുന്നവരെ പിരിച്ചുവിടാനും നിര്‍ദേശം നല്‍കിയിരുന്നു. ജോലി ചെയ്യുന്ന പങ്കാളികളില്‍ 93% ഇന്ത്യക്കാരും നാലു ശതമാനം ചൈനക്കാരുമാണ്. ആകെയുള്ളതില്‍ 94 ശതമാനവും വനിതകളാണ്. ബറാക് ഒബാമ ഭരണകൂടം 2015ലാണ് ജീവിതപങ്കാളികള്‍ക്കു കൂടി യുഎസില്‍ തൊഴിലവസരം നല്‍കാന്‍ തീരുമാനിച്ചത്.

ഇത് അപ്പാടേ നിര്‍ത്തലാക്കാനാണ് ഇപ്പോഴത്തെ നീക്കം. ജൂണിലോ അതിനുപിന്നാലെയോ ഉത്തരവിറങ്ങുമെന്നാണു കരുതുന്നത്. കഴിഞ്ഞ മാസം ഉണ്ടാകുമെന്നു കരുതിയിരുന്ന നടപടി വൈകുന്നത് അതിന്റെ പ്രത്യാഘാതം വിലയിരുത്താന്‍ സമയമെടുക്കുമെന്നതിനാലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏറ്റവും പ്രാഗത്ഭ്യവും വൈദഗ്ധ്യവും മാത്രമുള്ളവര്‍ക്കായി എച്ച്1ബി വീസ പരിമിതപ്പെടുത്തുന്നതിനായുള്ള നടപടികള്‍ക്കും യുഎസ് നേരത്തെ തുടക്കം കുറിച്ചിരുന്നു. പുതുതായി എച്ച്1ബി വീസ അനുവദിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമാക്കാനും നേരത്തേതന്നെ തീരുമാനമെടുത്തിരുന്നു.