ദുബായ് മുഴുവന്‍ സഞ്ചരിക്കാന്‍ ഇനി ഒരു പാസ് മതി

single-img
25 April 2018

 

രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനു വേണ്ടി ‘ദുബായ് പാസ്’ എന്ന പുതിയ സംവിധാനത്തിന് ടൂറിസം വകുപ്പ് തുടക്കമിട്ടു. ഇത് ഉപയോഗിച്ച് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട 33 ആകര്‍ഷണങ്ങള്‍ സന്ദര്‍ശിക്കാം. ഇക്കാര്യം ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ചടങ്ങിലാണ് ടൂറിസം വകുപ്പ് അറിയിച്ചത്.

അടുത്ത മാസം 16 മുതല്‍ ദുബായ് പാസ് സഞ്ചാരികള്‍ക്ക് നല്‍കി തുടങ്ങും. രണ്ടു വ്യത്യസ്ത പാക്കേജുകളാണ് പദ്ധതിയിലുള്ളത്. ദുബായ് സെലക്ടും ദുബായ് അണ്‍ലിമിറ്റഡും എന്നിവയാണ് പാക്കേജുകള്‍. ദുബായിലെ പ്രധാന ആകര്‍ഷണങ്ങളായ ബുര്‍ജ് ഖലീഫ, വൈല്‍ഡ് വാദി വാട്ടര്‍ പാര്‍ക്ക്, സ്‌കി ദുബായ്, ബോളിവുഡ് പാര്‍ക്ക്‌സ്, ദുബായ് അക്വേറിയം, ദുബായ് സഫാരി, വണ്ടര്‍ ബസ്, ഡോള്‍ഫിനേറിയം, ദുബായ് ഫ്രെയിം , ഡെസേര്‍ട്ട് സഫാരി, ഐഫ്‌ലൈ, ഐ.എം.ജി. വേള്‍ഡ്, ലെഗോ ലാന്‍ഡ്, മോഷന്‍ ഗേറ്റ് തുടങ്ങിയവ ഈ സംവിധാനത്തിലൂടെ സഞ്ചരിക്കാമെന്ന് ടൂറിസം വകുപ്പ് അറിയിച്ചിട്ടുണ്ട്.

തിരഞ്ഞെടുക്കുന്ന വിനോദങ്ങളോ പരിപാടികളോ മാത്രമാണ് ദുബായ് സെലക്ടിലൂടെ സന്ദര്‍ശിക്കാന്‍ സാധിക്കുക. മൂന്നു വിഭാഗങ്ങളില്‍ നിന്ന് ഓരോ വിനോദം വീതം തിരഞ്ഞെടുക്കാം. ദുബായ് സെലക്ടിന് ഒരാഴ്ച്ചത്തെ കാലവധിയുണ്ട്. കുട്ടികള്‍ക്ക് 389 ദിര്‍ഹം, മുതിര്‍ന്നവര്‍ക്ക് 399 ദിര്‍ഹം എന്നിങ്ങനെയാണ് പദ്ധതിയുടെ ചാര്‍ജ്.

ദുബായിലെ 33 വിനോദകേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ അവസരം നല്‍കുന്നതാണ് ദുബായ് അണ്‍ലിമിറ്റഡ്. മൂന്നു ദിവസത്തെ കാലവധിയുള്ള ഈ പാസിനു മുതിര്‍ന്നവര്‍ 899 ദിര്‍ഹവും കുട്ടികള്‍ 846 ദിര്‍ഹവും നല്‍കണം. www.iventurecard.com/ae എന്ന വെബ്‌സൈറ്റിലൂടെ പാസ് ലഭ്യമാണ്.