നിയമസഭയിലിരുന്ന് അശ്ലീലവീഡിയോ കണ്ട മന്ത്രിമാര്‍ക്ക് ബിജെപി വീണ്ടും സീറ്റ് നല്‍കി; ബിജെപിക്കെതിരെ പ്രതിഷേധം ശക്തം

single-img
25 April 2018

ബെംഗളൂരു: ബിജെപിക്ക് ദേശീയതലത്തില്‍ തന്നെ വലിയ നാണക്കേടുണ്ടാക്കിയതായിരുന്നു മന്ത്രിമാര്‍ സഭയിലിരുന്ന് അശ്ലീലവീഡിയോ കണ്ട സംഭവം. 2012ല്‍ യെദ്യൂരപ്പ സര്‍ക്കാരില്‍ സഹകരണവകുപ്പ് മന്ത്രിയായിരുന്ന ലക്ഷ്മണ്‍ സാവദി, ശിശുക്ഷേമവകുപ്പ് മന്ത്രി സി.സി.പാട്ടീല്‍ എന്നിവരാണ് അന്ന് വിവാദത്തില്‍ കുടുങ്ങിയത്.

പരിസ്ഥിതി വകുപ്പ് മന്ത്രി കൃഷ്ണ പലേമറും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഒരു ടെലിവിഷന്‍ ചാനലാണ് ദൃശ്യങ്ങള്‍ പകര്‍ത്തി വാര്‍ത്തയാക്കിയത്. അതെത്തുടര്‍ന്ന് മൂന്ന് പേര്‍ക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നേതാക്കള്‍ക്ക് വീണ്ടും തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

സാവദിക്ക് അഥാനിയിലും പാട്ടീലിന് നാര്‍ഗണ്ടിലുമാണ് സീറ്റ് നല്‍കിയിരിക്കുന്നത്. കഠുവ, ഉന്നാവ് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ നിയമസഭയിലിരുന്ന് പോലും അശ്ലീലവീഡിയോ കാണാന്‍ തയ്യാറായ നേതാക്കള്‍ക്ക് സീറ്റ് നല്‍കിയത് ന്യായീകരിക്കാനാവുന്ന പിഴവല്ലെന്ന് അഭിപ്രായങ്ങളുയര്‍ന്നു കഴിഞ്ഞു.

ഉന്നാവ് ബലാല്‍സംഗക്കേസില്‍ പ്രതിയായത് ബിജെപി എംഎല്‍എയാണ്. കഠുവയില്‍ പ്രതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചവരില്‍ ബിജെപി മന്ത്രിമാരുണ്ടായിരുന്നു എന്നതും ചൂണ്ടിക്കാട്ടപ്പെടുന്നു.