വിവാദ ആള്‍ദൈവം അസാറാമിന് ജീവപര്യന്തം തടവ്: കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് ലഭിച്ചത് 2,000 ഭീഷണിക്കത്തുകള്‍

single-img
25 April 2018

ജോധ്പൂര്‍: ആശ്രമത്തിലെ പ്രായപൂര്‍ത്തിയാകാത്ത അന്തേവാസിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പുവിന് ജോധ്പൂര്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. അസാറാമിന്റെ സഹായികളായ രണ്ട് പേര്‍ക്ക് 20 വര്‍ഷം തടവ് ശിക്ഷയും ലഭിച്ചു.

സുരക്ഷ കണക്കിലെടുത്ത് ജഡ്ജി ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയാണ് വിധി പ്രഖ്യാപിച്ചത്. ഇതിനായി ജയിലില്‍ പ്രത്യേക കോടതി സജ്ജമാക്കിയിരുന്നു. വിധി പ്രസ്താവത്തെ തുടര്‍ന്ന് രാജസ്ഥാന്‍, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.

ഉത്തര്‍പ്രദേശിലെ സഹാരന്‍പുരില്‍നിന്നുള്ള പതിനാറുകാരിയെ ജോധ്പുരിനു സമീപമുള്ള ആശ്രമത്തില്‍ എത്തിച്ചു പീഡിപ്പിച്ചതായാണ് എഴുപത്തേഴുകാരനായ അസാറാമിനെതിരായ കേസ്. 2013 ഓഗസ്റ്റിലുണ്ടായ സംഭവത്തിലെ സാക്ഷികളില്‍ ഒന്‍പതു പേര്‍ ആക്രമിക്കപ്പെടുകയും മൂന്നുപേര്‍ ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്തു. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരേപോലും വധഭീഷണി ഉയര്‍ന്നിരുന്നു.

കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ അജയ് പാല്‍ ലംബക്ക് മാത്രം ലഭിച്ചത് രണ്ടായിരം ഭീഷണിക്കത്തുകളും നൂറോളം ഫോണ്‍ വിളികളുമാണ്. തന്റെ ഫ്രഫഷനിലെ ഏറ്റവും വലിയ സംഭവം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കേസിന്റെ അന്വേഷണ ചുമതല തന്നെ ഏല്‍പ്പിച്ചത് 2013ലായിരുന്നുവെന്ന് ലംബ ഓര്‍ക്കുന്നു. ജോധ്പുര്‍ വെസ്റ്റില്‍ പൊലീസ് കമീഷണറായിരുന്നു ലംബ അന്ന്. കേസിലെ സാക്ഷിയെ കൊലപ്പെടുത്തിയ കേസിലും ബാപ്പുവിന്റെ അനുയായികളില്‍ നിന്നും നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായി ലംബ പറഞ്ഞു.

‘ആസാറാമിന് എന്തെങ്കിലും സംഭവിച്ചാല്‍ തന്നേയും കുടുംബത്തേയും കൊല്ലുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഫോണിലൂടെയും നിരന്തരം ഭീഷണികള്‍ വരാന്‍ തുടങ്ങിയതോടെ പരിചയമുള്ള നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ മാത്രമേ എടുക്കാറുള്ളൂ. ഉദയ്പൂരിലേക്ക് സ്ഥലംമാറ്റം കിട്ടയതോടെയാണ് കത്തുകള്‍ നിലച്ചത്. ആ സമയത്ത് മകളെ സ്‌കൂളിലയച്ചിരുന്നില്ല. ഭാര്യ വീട്ടില്‍ നിന്നും പുറത്തിറങ്ങാറേയില്ല.’ ലംബ പറഞ്ഞു.

സാക്ഷികളിലൊരാളെ കൊലപ്പെടുത്തിയതിന് പിടിയിലായ പ്രതി, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെയാണ് അടുത്തതായി കൊലപ്പെടുത്താനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തിയതായും ലംബ പറഞ്ഞു. 2013 ആഗസ്റ്റിലാണ് വിവാദ ആള്‍ദൈവം ആശാറാം ബാപ്പു 16 വയസ്സുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. ബലാല്‍സംഗം, തടവിലാക്കല്‍, ലൈംഗിക പീഡനം, മനുഷ്യക്കടത്ത്, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ബാപ്പുവിന്റെ മേല്‍ ചുമത്തപ്പെട്ടത്. പരാതി ലഭിച്ച് 10 ആഴ്ചകള്‍ക്കുള്ളില്‍ ബാപ്പുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.

കേസില്‍ രാഷ്ട്രീയ ഇടപെടലുകളൊന്നും നടന്നില്ലെങ്കിലും ബാപ്പുവിന്റെ ഇന്‍ഡോറിലെ ആശ്രമത്തില്‍ നിന്നും എപ്പോഴും ഭീഷണി നിലനിന്നിരുന്നു. ജോധ്പൂരില്‍ നിന്നും ബാപ്പുവിനെ അറസ്റ്റ് ചെയ്യുക എന്നത് പൊലീസിന് കടുത്ത വെല്ലുവിളിയായിരുന്നു.

അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ആശ്രമത്തില്‍ എത്തിയ 11 അംഗ പൊലീസ് സംഘത്തിന് 8,000ത്തോളം വരുന്ന അനുയായി വൃന്ദത്തെ നേരിടേണ്ടി വന്നു. ആ ചെറിയ കഷണം കടലാസ് കൈമാറാന്‍ ഏകദേശം 10 മണിക്കൂറോളം പ്രയത്‌നിക്കേണ്ടിവന്നു.

മാധ്യമങ്ങളുടെ സമയോചിതമായ ഇടപെടല്‍ അനുയായികളെ പുനര്‍വിചിന്തനത്തിന് ഇടയാക്കി എന്നാണ് കരുതുന്നത്. 2013 ആഗസ്റ്റ് 30ന് ആശ്രമത്തിനകത്ത് കയറി പൊലീസ് ബാപ്പുവിനെ അറസ്റ്റ് ചെയ്തുവെന്നും ലംബ പറഞ്ഞു. 79കാരനായ ആസാറാം ബാപ്പു 56 മാസങ്ങളായി ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഉള്ളത്.