മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം 13 വയസ്സുള്ള അനന്തിരവളെ കാമുകന് ബലാത്സംഗം ചെയ്യാന്‍ അനുവദിച്ച യുവതി അറസ്റ്റില്‍

single-img
25 April 2018

ഡല്‍ഹിയിലെ ഷാബാദ് ഡയറിയിലാണ് ക്രൂരത അരങ്ങേറിയത്. കേസില്‍ അറസ്റ്റിലായ മുപ്പതുകാരിയുടെ സഹോദരന്റെ പുത്രിയാണ് ബലാല്‍സംഗത്തിനിരയായത്. അമ്മയില്ലാത്ത കുട്ടി അച്ഛനോടൊപ്പമാണ് താമസിച്ചിരുന്നത്. സമീപത്ത് താമസിക്കുന്ന പിതാവിന്റെ സഹോദരിയായ യുവതി കുട്ടിയെ നോക്കുന്നതിനായി വീട്ടില്‍ വരാറുണ്ടായിരുന്നു.

പ്രദേശവാസിയായ മുകേഷ് എന്ന യുവാവുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രജനീഷ് ഗുപ്ത പറഞ്ഞു. സംഭവദിവസം രാത്രി യുവതി കുട്ടിയെ നിര്‍ബന്ധപൂര്‍വ്വം തന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് സമീപത്തുള്ള കാട്ടു പ്രദേശത്തേക്ക് കുട്ടിയുമായി പോയി.

യുവതിയുടെ കാമുകനും സ്ഥലത്തെത്തി. ഇരുവരും മദ്യപിക്കുകയും കുട്ടിക്ക് ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നിര്‍ബന്ധിച്ച് കുടിപ്പിക്കുകയും ചെയ്തു. മദ്യം അകത്തുചെന്ന കുട്ടി ബോധരഹിതയായതോടെ മുകേഷ് ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ യുവതി പരിസരത്തുതന്നെ ഉണ്ടായിരുന്നതായും യുവതിയുടെ അറിവോടെയാണ് കാമുകന്‍ ബലാത്സംഗം ചെയ്തതെന്നും പോലീസ് വ്യക്തമാക്കുന്നു.

വീട്ടിലെത്തിയ കുട്ടിയെ രക്തം ഒഴുകുന്ന നിലയില്‍ കണ്ടതോടെയാണ് പിതാവ് സംഭവത്തെക്കുറിച്ച് അറിയുന്നത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചതോടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടതായി പോലീസ് വ്യക്തമാക്കി.

യുവതിയും കാമുകനും ചേര്‍ന്ന് മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരമാണ് ബലാല്‍സംഗം നടന്നതെന്ന് പോലീസ് പറഞ്ഞു. അതിനാല്‍ ഇരുവര്‍ക്കുമെതിരെ ഗൂഢാലോചനയ്ക്കും കേസെടുത്തിട്ടുണ്ട്. യുവതി റിമാന്‍ഡിലാണ്. ഒളിവില്‍ പോയ മുകേഷിനായി തിരച്ചില്‍ നടത്തിവരികയാണെന്നും പോലീസ് വ്യക്തമാക്കി. ഉന്നാവ്, കഠുവ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കു നേരെയുള്ള ബലാത്സംഗത്തിന് വധശിക്ഷ നല്‍കുന്ന നിയമഭേദഗതിക്കുള്ള ഓര്‍ഡിനന്‍സ് പ്രസിഡന്റ് ഒപ്പുവെച്ച ദിവസം തന്നെയാണ് സംഭവം