‘എസ്‌ഐ സ്‌റ്റേഷനിലെത്തിയപ്പോള്‍ തന്നെ ലോക്കപ്പിലുണ്ടായിരുന്ന തങ്ങളെ മര്‍ദ്ദിച്ചു; ശ്രീജിത്തിന്റെ തല സെല്ലിന്റെ അഴികളില്‍ ഇടിച്ച് അടിവയറ്റില്‍ ചവിട്ടി’: സിബിഐ അന്വേഷിക്കണമെന്ന് കുടുംബം

single-img
24 April 2018

കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി അറസ്റ്റിലായവര്‍. ശ്രീജിത്തിന്റെ അടിവയറ്റില്‍ എസ്‌ഐ ദീപക് ചവിട്ടുന്നതിന് തങ്ങള്‍ സാക്ഷികളാണെന്ന് ശ്രീജിത്തിനൊപ്പം വീടാക്രമണക്കേസില്‍ അറസ്റ്റിലായവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലോക്കപ്പ് ഇടിമുറിയാക്കിയെന്നും അവര്‍ വെളിപ്പെടുത്തി. മുഴുവന്‍ പ്രതികളേയും എസ് ഐ ക്രൂരപീഡനത്തിന് വിധേയരാക്കി. ശ്രീജിത്തിന്റെ അടിവയറ്റില്‍ തൊഴിക്കുന്നത് കണ്ടുവെന്നും ആശുപത്രിയിലെത്തിക്കാന്‍ ശ്രീജിത്ത് കരഞ്ഞ് പറഞ്ഞിട്ടും എസ്‌ഐ വഴങ്ങിയില്ലെന്നും കൂട്ടുപ്രതികള്‍ പറഞ്ഞു.

തലപിടിച്ച് സെല്ലിന്റെ അഴികളില്‍ ഇടിച്ചു, ഇരുചെവികളും കൂട്ടിയടിച്ചു. വയറുവേദനയെടുത്ത് എണീക്കാന്‍ കഴിയാഞ്ഞ അവസ്ഥയിലും ശ്രീജിത്തിനെ എസ്‌ഐ മര്‍ദ്ദിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് വരെ ശ്രീജിത്തിന്റെ ശരീരത്തില്‍ മുറിപ്പാടുകളുണ്ടായിരുന്നില്ല.

തുടര്‍ന്ന് അവര്‍ മര്‍ദ്ദിച്ചതാവാം മുഖത്തും മറ്റും കണ്ട പാടുകള്‍. വെള്ളിയാഴ്ച്ച അറസ്റ്റ് ചെയ്ത ശ്രീജിത്തിനെ ശനിയാഴ്ച്ച രാത്രിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ആരാണ് കൊണ്ടുപോയതെന്ന് തങ്ങള്‍ക്കറിയില്ലെന്നും അത് കണ്ടുപിടിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അറസ്റ്റിലായവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ ശ്രീജിത്തിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളെ ശ്രീജിത്തിന്റെ ഭാര്യ അഖില തിരിച്ചറിഞ്ഞു. കാക്കനാട് ജയിലില്‍ നടന്ന തിരിച്ചറിയില്‍ പരേഡില്‍ 17 പേര്‍ക്കൊപ്പമാണ് മൂന്ന് ആര്‍.ടി.എഫുകാരെ നിര്‍ത്തിയത്. പ്രതികള്‍ മുഖത്ത് രൂപമാറ്റം വരുത്തിയിരുന്നുവെങ്കിലും തിരിച്ചറിയാന്‍ കഴിഞ്ഞെന്ന് അഖില പറഞ്ഞു. ശ്രീജിത്തിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു.