ശ്രീജിത്തിനെ വരാപ്പുഴ എസ്‌ഐ പലതവണ ചവിട്ടിയെന്ന് സഹോദരന്‍

single-img
24 April 2018

കസ്റ്റഡി മര്‍ദനത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തിനെ വരാപ്പുഴ സ്റ്റേഷനില്‍ വച്ച് എസ് ഐ ദീപക് മര്‍ദിച്ചുവെന്ന് സഹോദരന്‍ സജിത്. വരാപ്പുഴ സ്റ്റേഷനില്‍ വച്ച് എസ്‌ഐ എല്ലാവരെയും മര്‍ദിച്ചു. വീണു കിടന്ന ശ്രീജിത്തിനെ എഴുന്നേല്‍പ്പിക്കാന്‍ പലതവണ ചവിട്ടിയെന്നും സജിത് പറഞ്ഞു.

അതിനിടെ വരാപ്പുഴയില്‍ വീടാക്രമിച്ച കേസില്‍ ജയിലിലായിരുന്ന സജിത്തടക്കമുള്ളവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. ശ്രീജിത്തിന്റെ സഹോദരന്‍ സജിത് കസ്റ്റഡി മരണക്കേസില്‍ പ്രത്യേക അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയ നിതിന്‍, ഗോപന്‍, വിനു എന്നിവരടക്കം 9 പേരാണ് ആലുവ സബ്ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.

ശനിയാഴ്ച എറണാകുളം അഡീഷണല്‍ സഷന്‍സ് കോടതി ഇവര്‍ക്ക് ജാമ്യമനുവദിച്ചെങ്കിലും ഇപ്പോഴാണ് ജാമ്യവ്യവസ്ഥകള്‍ പാലിച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇവരില്‍ എട്ടുപേരും പ്രതികളല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. അതിനാലാണ് ജാമ്യത്തെ എതിര്‍ക്കാതിരുന്നതെന്നാണ് സൂചന.

അതേസമയം വരാപ്പുഴ കസ്റ്റഡി മര്‍ദനത്തില്‍ ശ്രീജിത്ത് മരിച്ചിട്ട് രണ്ടാഴ്ച തികയുമ്പോഴും ഭരണ നേതൃത്വം ഇനിയും ആശ്വാസമായി വീട്ടില്‍ എത്തിയില്ലെന്ന് ബന്ധുക്കള്‍. മന്ത്രിമാരുള്‍പ്പടെയുള്ളവര്‍ വിട്ടുനില്‍ക്കുന്നതായാണ് ആക്ഷേപം. എന്നാല്‍, പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വമൊന്നാകെ ശ്രീജിത്തിന്റെ വീട്ടില്‍ പലപ്പോഴായി എത്തിയിരുന്നു.

ശ്രീജിത്ത് മരിച്ച ശേഷം അഞ്ച് മന്ത്രിമാര്‍ ജില്ലയില്‍ വിവിധ പരിപാടികള്‍ക്കെത്തി. ശ്രീജിത്തിന്റെ വീട്ടില്‍ നിന്നും മൂന്ന് കീലോമീറ്റര്‍ അകലെ നടന്ന പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് എത്തി. ഭരണപക്ഷത്തെ ഇതര രാഷ്ട്രീയ പാര്‍ട്ടികളിലെ മന്ത്രിമാരും ശ്രീജിത്തിന്റെ വിട്ടിലെത്തിയിട്ടില്ല. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതിഷേധം അറിയിച്ചെങ്കിലും സി.പി.ഐ. മന്ത്രിമാരും ശ്രീജിത്തിന്റെ വീട്ടിലെത്തിയില്ല.

ശ്രീജിത്തിന്റെ കസ്റ്റഡി മരണം രാഷ്ട്രീയവത്കരിക്കുന്നതിനോട് കുടുംബത്തിന് യോജിപ്പില്ല. ഉത്തരവാദികളായ മുഴുവന്‍ പേരെയും നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നതാണ് കുടുംബത്തിന്റെ ആവശ്യം. ശ്രീജിത്തിന്റെ ഭാര്യയ്ക്കും മകള്‍ക്കും ജീവിക്കാനാവശ്യമായ സഹായം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ഇവരാവശ്യപ്പെടുന്നു.