ഇന്ത്യയില്‍ പീഡനങ്ങള്‍ കൂടാന്‍ കാരണം അശ്ലീല വെബ്‌സൈറ്റുകള്‍: വിചിത്ര വാദവുമായി ബിജെപി മന്ത്രി

single-img
24 April 2018


അശ്ലീല വെബ്‌സൈറ്റുകള്‍ കാരണമാണ് ഇന്ത്യയില്‍ പീഡനങ്ങള്‍ കൂടുന്നതെന്ന വിചിത്ര വാദവുമായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ്. സംസ്ഥാനത്ത് ഇത്തരം വെബ്‌സൈറ്റുകള്‍ നിരോധിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ഭൂപേന്ദ്ര സിങ് അറിയിച്ചു.

വിഷയത്തില്‍ കേന്ദ്രത്തെ സമീപിക്കാനിരിക്കുകയാണു മധ്യപ്രദേശ് സര്‍ക്കാര്‍. 25 അശ്ലീല വെബ്‌സൈറ്റുകള്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഇതിനോടകം നിരോധിച്ചതായാണു റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 19ന് ഇന്‍ഡോറില്‍ കുരുന്നിനെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണു സിങ്ങിന്റെ പ്രസ്താവന വരുന്നത്.

നേരത്തെ, കഠ്‌വ, ഉന്നാവ് പീഡനക്കേസുകളുടെ പശ്ചാത്തലത്തില്‍ ബാലികമാരെ മാനഭംഗപ്പെടുത്തുന്നവര്‍ക്കു വധശിക്ഷ വിധിക്കാന്‍ അനുവദിക്കുന്ന ഓര്‍ഡിനന്‍സ് കേന്ദ്രമന്ത്രിസഭ പുറത്തിറക്കിയിരുന്നു. 12 വയസ്സുവരെ പ്രായമുള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ വരെ ഇനി ലഭിക്കാം. പല സംസ്ഥാനങ്ങളും പീഡനക്കേസുകളില്‍ ശക്തമായ നിയമം കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്.