ദിലീപ് ആരാധകന്റെ കഥയുമായി ‘ഷിബു’ വരുന്നു

single-img
24 April 2018

താരങ്ങളെ വച്ചു മാത്രമല്ല, താരാരാധകരെ വച്ചും സിനിമയിറങ്ങുന്ന കാലമാണ് മലയാള സിനിമയില്‍ ഇപ്പോള്‍. മോഹന്‍ലാല്‍ ആരാധികയായ മീനുക്കുട്ടിയുടെ കഥയുമായി മഞ്ജുവാര്യര്‍ ചിത്രം ‘മോഹന്‍ലാല്‍’ സൂപ്പര്‍ ഹിറ്റായി മാറിയതോടെ ഇതാ ദിലീപിന്റെ ആരാധന മൂത്ത ഒരു ആരാധകന്റെ കഥയും വെള്ളിത്തിരയില്‍ ഒരുങ്ങുന്നു.

ദിലീപ് ആരാധകന്റെ കഥ പറയുന്ന ഷിബു എന്ന ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ദിലീപിനോടുള്ള ആരാധന മൂത്ത് സിനിമ പഠിക്കാന്‍ പോകുന്ന സാധാരണക്കാരനായ ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പോസ്റ്റര്‍ പുറത്തിറങ്ങി.

ദിലീപ് കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപിയാണ് ഷിബുവിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. അര്‍ജുന്‍, ഗോകുല്‍ എന്നിവരാണ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ഗോവിന്ദ് പത്മസൂര്യയും മിയയും നായികാനായകന്മാരായി എത്തിയ 32ാം അദ്ധ്യായം 23ാം വാക്യം ആണ് ഇതിന് മുമ്പ് ഇവര്‍ ചെയ്ത ചിത്രം.

പാലക്കാടിന്റെ പശ്ചാത്താലത്തിലൊരുങ്ങുന്ന ചിത്രമാണിത്. തീയേറ്റര്‍ ജോലിക്കാരനായ പിതാവിലൂടെ സിനിമയെ പ്രണയിച്ചു തുടങ്ങുന്ന ചെറുപ്പക്കാരനാണ് ഷിബു. 90 കളിലെ ദിലീപിന്റെ സിനിമകള്‍ കണ്ട് ആരാധകനായി മാറുന്നു. പ്ലസ് ടു കഴിഞ്ഞ് ദിലീപിനെ നായകനാക്കി സിനിമാ സംവിധാനം ചെയ്യണമെന്നതാണ് സ്വപ്‌നം.

ഷിബുവിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത് പ്രണീഷ് വിജയനാണ്. പുതുമുഖം കാര്‍ത്തിക്കാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഞ്ജു കുര്യനാണ് നായിക. കാര്‍ഗോസ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. യുവഗായകന്‍ സച്ചിന്‍ വാര്യര്‍ സംഗീതമൊരുക്കുന്നു എന്ന സവിശേഷതയുമുണ്ട്.