‘കാസ്റ്റിങ് കൗച്ച് പുതിയ കാര്യമൊന്നുമല്ല; പെണ്‍കുട്ടിയുടെ സമ്മതത്തോടെ അവളെ പ്രയോജനപ്പെടുത്തുന്നു; ഇവിടെ ആരും ലൈംഗിക ചൂഷണം ഒന്നും നടത്തുന്നില്ല: വിവാദ പ്രസ്താവനയുമായി സരോജ് ഖാന്‍

single-img
24 April 2018

ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് കാസ്റ്റിംഗ് കൗച്ച്. ഈയിടെയായി പല പ്രമുഖ നടിമാരും തങ്ങള്‍ക്കു നേരേയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സിനിമാമേഖലയില്‍ പിടിമുറുക്കുന്ന കാസ്റ്റിംഗ് കൗച്ചിനെതിരെ തെലുഗ് സിനിമാ താരം ശ്രീറെഡ്ഡി നടത്തിയ പ്രതിഷേധമാണ് അവസാനത്തേത്.

നിലവില്‍ നടക്കുന്ന ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ മേല്‍വസ്ത്രമുരിഞ്ഞാണ് അവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനെതിരെ വന്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോല്‍ സിനിമാമേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെ അനുകൂലിച്ചെത്തിയിരിക്കയാണ് ബോളിവുഡിലെ പ്രശസ്ത കൊറിയോഗ്രാഫറായ സരോജ് ഖാന്‍.

കാസ്റ്റിംങ് കൗച്ചിനെ ചൂഷണമായി കാണാനാകില്ലെന്നും അത് പെണ്‍കുട്ടികള്‍ക്ക് ഉപജീവനത്തിനുള്ള മാര്‍ഗം നല്‍കുന്ന ഒരു സംഗതിയാണെന്നും സരോജ് ഖാന്‍ പറഞ്ഞു. തെലുഗു സിനിമയില്‍ കത്തിപ്പടര്‍ന്ന കാസ്റ്റിങ് കൗച്ച് വിവാദത്തെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴാണ് സരോജ് ഖാന്റെ പ്രതികരണം.

‘കാസ്റ്റിങ് കൗച്ച് പുതിയ കാര്യമൊന്നുമല്ല. എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. കാസ്റ്റിങ് കൗച്ച് ജീവിത മാര്‍ഗം നല്‍കുന്നു. പെണ്‍കുട്ടിയുടെ സമ്മതത്തോടെ അവളെ പ്രയോജനപ്പെടുത്തുന്നു. ഇവിടെ ആരും ലൈംഗിക ചൂഷണം ഒന്നും നടത്തുന്നില്ല.
ഒരു പെണ്‍കുട്ടിയുടെ അവസരം മറ്റൊരു പെണ്‍കുട്ടി തട്ടിയെടുക്കുന്നു.

ഒരു സര്‍ക്കാര്‍ വരുന്നത് പോലും മറ്റൊരാളുടെ അവസരം തട്ടിയെടുത്തിട്ടല്ലേ? സര്‍ക്കാറിലും അതാകാമെങ്കില്‍ സിനിമയിലും ആകാം. ഇതൊക്കെ പെണ്‍കുട്ടികളെ ആശ്രയിച്ചിരിക്കും. ചീത്തകരങ്ങളില്‍ വീഴാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് അങ്ങനെ സംഭവിക്കുകയില്ല. എന്തിനാണ് നിങ്ങള്‍ സ്വയം വില്‍ക്കുന്നത്. സിനിമയെ ഈ കാര്യത്തില്‍ കുറ്റം പറയതരുത്. കാരണം സിനിമ എന്നാല്‍ ഞങ്ങള്‍ക്ക് എല്ലാമാണ്’.

സരോജ് ഖാന്റെ പ്രസ്താവനക്കെതിരെ സിനിമാതാരങ്ങളും പൊതുജനങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമെല്ലാം രംഗത്ത് വന്നിട്ടുണ്ട്. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന പ്രസ്താവനയാണ് മുതിര്‍ന്ന നൃത്ത സംവിധായികയുടെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നതെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പലരും അഭിപ്രായപ്പെടുന്നു.

സംഗതി പുലിവാലായപ്പോള്‍ സരോജ് ഖാന്‍ മാപ്പപേക്ഷയുമായി രംഗത്ത് വന്നിട്ടുണ്ട്. തന്റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് തരണമെന്നും സരോജ് ഖാന്‍ പറഞ്ഞു.