‘എന്റെ പേരിലുള്ള ഏകദിന റെക്കോര്‍ഡ് തകര്‍ത്താല്‍ സമ്മാനം’; കൊഹ്ലിക്ക് സച്ചിന്റെ വാഗ്ദാനം

single-img
24 April 2018

കൊല്‍ക്കത്ത: തന്റെ പേരിലുള്ള ഏകദിന റെക്കോര്‍ഡ് തകര്‍ത്താല്‍ വിരാട് കൊഹ്ലിക്ക് ഷാംപെയ്ന്‍ സമ്മാനിക്കുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ വാഗ്ദാനം. ഏകദിന ക്രിക്കറ്റിലെ 49 സെഞ്ച്വറി റെക്കോര്‍ഡ് മറികടന്ന് അന്‍പത് സെഞ്ച്വറി അടിച്ചാല്‍ സമ്മാനമായി ഷാംപെയ്ന്‍ അയച്ചുകൊടുക്കുമോ എന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മറുപടി.

കൊല്‍ക്കത്തയില്‍ നടന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ കോഹ്ലിയെ സാക്ഷിയാക്കിയായിരുന്നു സച്ചിന്റെ വാഗ്ദാനം. ‘എന്റെ റെക്കോര്‍ഡ് തകര്‍ത്താല്‍ ഷാംപെയ്ന്‍ ബോട്ടില്‍ അയച്ചുകൊടുക്കുകയല്ല ചെയ്യുക, മറിച്ച് ഷാംപെയിനുമായി കോഹ്ലിയെ നേരില്‍ കാണും, റെക്കോര്‍ഡ് തകര്‍ത്ത സന്തോഷം പങ്കുവയ്ക്കും’ സച്ചിന്‍ പറഞ്ഞു.

അതേസമയം. സച്ചിന്റെ പിറന്നാല്‍ ദിനത്തില്‍ അഭിനന്ദിക്കാനും കൊഹ്ലി മറന്നില്ല. ‘ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത് സച്ചിന്റെ ബാറ്റിംഗ് കണ്ടിട്ടാണെന്നും കരിയറില്‍ സച്ചിന്റെ സ്വാധീനം വളരെ വലുതാണെന്നും” കോഹ്ലി പറഞ്ഞു. സച്ചിനൊപ്പം ക്രീസിലും ഡ്രസിംഗ് റൂമിലും ഒരുമിച്ചുണ്ടായത് ജീവിതത്തിലെ വലിയഭാഗ്യമാണെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.