പിണറായിയിലെ ദുരൂഹ മരണങ്ങളുടെ ചുരുളഴിയുന്നു;കാരണം അലൂമിനിയം ഫോസ്‌ഫൈഡ്;മരിച്ച കുട്ടിക‌ളുടെ അമ്മ കസ്റ്റഡിയിൽ

single-img
24 April 2018


പിണറായി: ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടുപേരുടെ മരണ കാരണം അലൂമിനിയം ഫോസ്‌ഫൈഡ് എന്ന മാരക രാസവസ്തുവെന്ന് കണ്ടെത്തല്‍. പിണറായിയില്‍ മരിച്ച പടന്നക്കര വണ്ണത്താന്‍ വീട്ടില്‍ കമലയുടെയും ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്റെയും മരണത്തിന് കാരണം കീടനാശിനികളിലും എലിവിഷത്തിലും ഉപയോഗിക്കുന്ന ഈ വിഷവസ്തുവാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

സംഭവത്തിൽ മരിച്ച കുട്ടികളുടെ അമ്മ സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു.സൗമ്യയുമായി ബന്ധമുള്ള യുവാക്കളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഒന്നരവയസുകാരി കീർത്തന, ഒൻപതു വയസുകാരി ഐശ്വര്യ, ഇവരുടെ മുത്തച്ഛൻ കുഞ്ഞിക്കണ്ണൻ, മുത്തശ്ശി കമല എന്നിവരാണ് സമാനസാഹചര്യത്തിൽ മരിച്ചത്.

വീട്ടിൽ അവശേഷിച്ചിരുന്ന കുഞ്ഞിക്കണ്ണന്റെയും കമലയുടെയും മകളും കീർത്തനയുടെയും ഐശ്വര്യയുടെയും അമ്മയുമായ സൗമ്യ ചർദിയെത്തുടർന്ന് ചികിൽസയിലായിരുന്നു.

കോഴിക്കോട് ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടന്ന പരിശോധനയിലാണ് നാടിനെ നടുക്കിയ ദുരൂഹമരണങ്ങള്‍ക്കുപിന്നില്‍ അലൂമിനിയം ഫോസ്‌ഫൈഡ് എന്ന മാരക രാസവസ്തുവെന്ന് കണ്ടെത്തിയത്.ഇരുവരുടെയും ശരീരത്തില്‍ അലുമിനിയം ഫോസ്‌ഫൈഡ് എന്ന വിഷം അടിഞ്ഞുകൂടിയിരുന്നു. എന്നാല്‍ ഇവരുടെ മരണകാരണം തന്നെയാണോ കുട്ടികളുടെ മരണത്തിനും കാരണം എന്നത് വ്യക്തമല്ല. ഇക്കാര്യമാണ് പൊലീസ് അന്വേഷിക്കുന്നത്.

മരിച്ച എട്ടുവയസുകാരി ഐശ്വര്യയുടെ മൃതദേഹം കഴിഞ്ഞ ദിവസം പുറത്തെടുത്ത് പരിശോധിച്ചിരുന്നു. പരിശോധനയ്ക്കായി ശേഖരിച്ച ആന്തരികാവയവങ്ങള്‍ ഇന്ന് കോഴിക്കോട്ടെ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്കയക്കും.