ഇന്ധനവിലക്കൊപ്പം അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയരുന്നു; വില എത്രകൂടിയാലും എക്‌സൈസ് നികുതി കുറയ്ക്കില്ലെന്ന് മോദി സര്‍ക്കാര്‍

single-img
24 April 2018

പെട്രോള്‍ ഡീസല്‍ വില കുതിച്ചുയരുമ്പോഴും എക്‌സൈസ് നികുതി കുറക്കാന്‍ തയ്യാറല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്ക് വേണമെങ്കില്‍ വില്‍പന നികുതിയോ വാറ്റോ കുറയ്ക്കാമെന്ന് കേന്ദ്രം വ്യക്തമാക്കി. പെട്രോള്‍ ഡീസല്‍ വില കഴിഞ്ഞ 55 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണിപ്പോള്‍.

എക്‌സൈസ് നികുതി കുറച്ചാല്‍ ഇന്ധനവിലയുടെ കാല്‍ഭാഗമെങ്കിലും കുറയുമെങ്കിലും ബജറ്റ് കമ്മി കുറച്ചു കൊണ്ടുവരാന്‍ കേന്ദ്രം ശ്രമിക്കുന്ന സമയത്ത് അത് ഉചിത നടപടിയല്ലെന്ന് ധനമന്ത്രാലയം ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആഭ്യന്തര മൊത്ത ഉല്‍പാദനത്തിന്റെ 3.5 ശതമാനമായിരുന്ന ധനക്കമ്മി നടപ്പുവര്‍ഷം 3.3 ആയി കുറക്കാനാണ് നീക്കം.

ഇന്ധന എക്‌സൈസ് നികുതിയില്‍ ഒരു രൂപ കുറഞ്ഞാല്‍ 13,000 കോടിയുടെ നഷ്ടമാണ് സര്‍ക്കാറിനുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒന്നോ രേണ്ടാ രൂപ കൂടുന്നതിനെക്കാള്‍ സാമ്പത്തിക സ്ഥിതിക്കാണ് കൂടുതല്‍ പ്രാധാന്യം. എണ്ണ വില കൂടുന്നത് പണപ്പെരുപ്പം സൃഷ്ടിക്കില്ലെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

പെട്രോള്‍ ലിറ്ററിന് 19.48 രൂപയും ഡീസല്‍ ലിറ്ററിന് 15.33 രൂപയുമാണ് കേന്ദ്രം ചുമത്തുന്ന എക്‌സൈസ് നികുതി. സംസ്ഥാനങ്ങളുടെ വില്‍പന നികുതിയോ വാറ്റോ വ്യത്യസ്തവുമായിരിക്കും. അന്താരാഷ്ട്ര വിലക്ക് അനുസൃതമായാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ ഇന്ധന വില നിശ്ചയിക്കുന്നത്.

അതേസമയം പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ന്നതോടെ അവശ്യസാധനങ്ങളുടെ വിലയും കൂടി. പലവ്യഞ്ജനത്തിനും പച്ചക്കറിക്കുമാണ് വില കുതിച്ചുയരുന്നത്. ലോറികളടക്കമുള്ള ടാക്‌സി വാഹനങ്ങള്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

അവശ്യ സാധനങ്ങള്‍ വാങ്ങണമെങ്കില്‍ കൈപൊള്ളുമെന്നതാണ് അവസ്ഥ. ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ടാക്‌സി ഉടമകളും തൊഴിലാളികളും രംഗത്ത് വന്നിട്ടുണ്ട്. അടുത്ത ദിവസം യോഗം ചേര്‍ന്ന് സര്‍ക്കാരിന് മുന്നില്‍ വിഷയം എത്തിക്കാനാണ് സംഘടനകളുടെ നീക്കം. കൂലി കൂട്ടണമെന്ന് മറ്റ് തൊഴിലാളികളും ആവശ്യപ്പെടുന്നു. ഇന്ധനവില ഇപ്പോഴുള്ളത് പോലെ നില്‍ക്കുകയോ, കൂടുകയോ ചെയ്താല്‍ സകല മേഖലകളിലും വില വര്‍ധനവ് ഉണ്ടാകുമെന്ന് ഉറപ്പാണ്.