ഇടിത്തീപോലെ ഇന്ധനവില: പെട്രോള്‍ ഡീസല്‍ വില വീണ്ടും കൂടി

single-img
24 April 2018

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും വര്‍ധിച്ചു. പെട്രോളിന് 14 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് കൂടിയത്. ആഗോള വിപണിയില്‍ വില വര്‍ധിക്കുന്നതാണ് ആഭ്യന്തര വിപണിയിലും വിലവര്‍ധനവിന് ഇടയാക്കുന്നതെന്നാണ് സൂചന. ഒരു മാസത്തിനിടെ പെട്രോളിന് 2.46 രൂപയും ഡീസലിന് 3.27 രൂപയും വര്‍ധിച്ചു. ഏപ്രില്‍ ഒന്നിന് ഡിസലിന് 70.08 ഉം പെട്രോളിന് 77.67 രൂപയുമാണ് ഉണ്ടായിരുന്നത്.

ഇന്നത്തെ പെട്രോള്‍, ഡീസല്‍ വില

തിരുവനന്തപുരം പെട്രോള്‍ 78.57 രൂപ, ഡീസല്‍ 71.49 രൂപ
കോഴിക്കോട് പെട്രോള്‍ 77.74, ഡീസല്‍ 70.73
തൃശ്ശൂര്‍ പെട്രോള്‍ 77.59, ഡീസല്‍ 70.51
ആലപ്പുഴ പെട്രോള്‍ 77.80, ഡീസല്‍ 70.76 .
കൊച്ചി പെട്രോള്‍ 77.45, ഡീസല്‍ 70.43 .
പാലക്കാട് പെട്രോള്‍ 77.91, ഡീസല്‍ 70.79 .
കണ്ണൂര്‍ പെട്രോള്‍ 77.70, ഡീസല്‍ 70.69 .
ഇടുക്കി പെട്രോള്‍ 78.05, ഡീസല്‍ 70.96 .
കൊല്ലം പെട്രോള്‍ 78.20, ഡീസല്‍ 71.14 .

എന്നാല്‍ ബെംഗളൂരു, ചെന്നൈ, പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹി എന്നിവിടങ്ങളിലെല്ലാം ഇന്ധനവില കേരളത്തെ അപേക്ഷിച്ചു കുറവാണ്. രാജ്യാന്തര തലത്തില്‍ അസംസ്‌കൃത എണ്ണവിലയിലുള്ള വര്‍ധനയാണു വില കയറാന്‍ കാരണമെന്ന് എണ്ണകമ്പനികള്‍ പറയുന്നു. എന്നാല്‍ ഇന്ധനവില ഇതിന് മുമ്പ് ഉയര്‍ന്നുനിന്ന 2013–14 കാലത്തുള്ളതിന്റെ പകുതി മാത്രമേ ഇപ്പോഴുള്ളൂ എന്നതാണു യാഥാര്‍ഥ്യം.

പെട്രോള്‍, ഡീസല്‍ വിലയുടെ പകുതിയോളം കേന്ദ്ര, സംസ്ഥാന തീരുവകളാണ്. ഇറക്കുമതി തീരുവ കുറയ്ക്കണമെന്നു കേന്ദ്ര പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടെങ്കിലും ധനമന്ത്രാലയം അംഗീകരിച്ചിട്ടില്ല. കേന്ദ്രം തീരുവ കുറയ്ക്കട്ടെയെന്നാണു സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാട്. കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറച്ചില്ലെങ്കില്‍ വില ഇനിയും ഉയര്‍ന്നേക്കും.

യാത്രച്ചെലവു കൂടുന്നതിനൊപ്പം ഇന്ധനവിലക്കയറ്റം സാധാരണക്കാരന്റെ കുടുംബ ബജറ്റിനെയും താളംതെറ്റിക്കും. ചരക്കുനീക്കത്തിനുള്ള ചെലവു കൂടുന്നതിനാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരും. ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ വലിയ വര്‍ധന പെട്ടെന്നുണ്ടാകും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പണപ്പെരുപ്പനിരക്ക് ഉയരാന്‍ കാരണമാകും. ഇതു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കും.