കാസ്റ്റിങ് കൗച്ച് സിനിമയില്‍ മാത്രമല്ല; പാര്‍ലമെന്റിലുമുണ്ടെന്ന് കോണ്‍ഗ്രസ് എം.പി രേണുക ചൗധരി

single-img
24 April 2018

കാസ്റ്റിങ് കൗച്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി രേണുക ചൗധരി. സിനിമ മേഖലയില്‍ മാത്രമല്ല, പാര്‍ലമെന്റ് അടക്കം എല്ലായിടത്തും കാസ്റ്റിങ് കൗച്ച് നടക്കുന്നുണ്ടെന്ന് രേണുക ചൗധരി പറഞ്ഞു. കാസ്റ്റിങ് കൗച്ചിനെ ചൂഷണമായി കാണാനാകില്ലെന്നും അത് പെണ്‍കുട്ടികള്‍ക്ക് ഉപജീവനത്തിനുള്ള മാര്‍ഗം നല്‍കുന്ന ഒരു സംഗതിയാണെന്നും പ്രമുഖ നൃത്ത സംവിധായിക സരോജ് ഖാന്‍ പ്രസ്താവിച്ചിരുന്നു. ഇതിന് മറുപടിയായാണ് രേണുക ഇക്കാര്യം വ്യക്തമാക്കിയത്.

കാസ്റ്റിങ് കൗച്ച് എല്ലായിടത്തും നടക്കുന്നുണ്ട്. മീ ടൂ മുദ്രാവാക്യവുമായി ഇന്ത്യ തന്നെ ഉയര്‍ത്തെഴുന്നേല്‍ക്കേണ്ട സമയമാണ് ഇപ്പോഴെന്നും രേണുക വ്യക്തമാക്കി. സരോജ് ഖാന്റെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് അവര്‍ മാപ്പ് പറഞ്ഞിരുന്നു. കാസ്റ്റിങ് കൗച്ച് പുതിയ കാര്യമൊന്നുമല്ല. അത് ജീവിത മാര്‍ഗം നല്‍കുന്നു. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് അവളെ പ്രയോജനപ്പെടുത്തുന്നത് എന്നായിരുന്നു സരോജ് ഖാന്റെ പ്രസ്താവന.