ലിഗയുടെ മരണത്തില്‍ ദുരൂഹത ചൂണ്ടിക്കാട്ടി ഓട്ടോ ഡ്രൈവര്‍; ലിഗ ആ ജാക്കറ്റ് ധരിച്ചിരുന്നില്ല: പൊലീസ് വാദത്തിന് തിരിച്ചടി

single-img
24 April 2018

തിരുവനന്തപുരം: കോവളം ബീച്ചിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ ലാത്വിയ സ്വദേശിനി ലിഗയുടെ മരണത്തില്‍ ദുരൂഹത ചൂണ്ടിക്കാട്ടി ഓട്ടോ ഡ്രൈവര്‍ ഷാജി. ഷാജിയുടെ ഓട്ടോയിലായിരുന്നു ലിഗയെ കോവളത്ത് വിട്ടത്. ലിഗയുടെ വസ്ത്രം ഷാജി തിരിച്ചറിഞ്ഞു.

മൃതദേഹത്തിലുണ്ടായിരുന്ന ജാക്കറ്റ് ലിഗ ധരിച്ചിരുന്നില്ലെന്നും ഷാജിയുടെ മൊഴിയിലുണ്ട്. ഓട്ടോയില്‍ കയറുമ്പോള്‍ ലിഗയുടെ വേഷം വേറെയായിരുന്നു. മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രം അവരുടേതാണെന്ന് തനിക്ക് തോന്നുന്നില്ല. ആവശ്യത്തിന് പണം കൈയിലില്ലാത്ത അവര്‍ പുതിയ ജാക്കറ്റ് വാങ്ങുമെന്ന് കരുതുന്നില്ലെന്നും ഷാജി പറയുന്നു.

മരുതുംമൂട് ജംഗ്ഷനില്‍ നിന്നും ഓട്ടോയില്‍ കയറിയ അവരെ കോവളത്താണ് താന്‍ ഇറക്കിയത്. 800 രൂപ തനിക്ക് തന്നുവെന്നും ഒരു സിഗരറ്റ് പാക്കല്ലാതെ മറ്റൊന്നും അവരുടെ കൈയില്‍ ഉണ്ടായിരുന്നില്ലെന്നും ഷാജി പ്രതികരിച്ചു. ഇതോടെ മരണത്തില്‍ കൂടുതല്‍ ദുരൂഹത ഉയരുകയാണ്. സ്വാഭാവിക മരണമെന്ന പൊലീസ് വാദത്തിന് ഇത് തിരിച്ചടിയാണ്.

അതേസമയം, 1500രൂപയോളം കൈയിലുണ്ടായിരുന്ന ലിഗ മാര്‍ച്ച് 14ന് കോവളം ഗ്രോവ് ബീച്ചില്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ മാത്രമേ പൊലീസിന് ഇതുവരെ ലഭിച്ചിട്ടുള്ളൂ. 800 രൂപ ഓട്ടോറിക്ഷക്കാരന് നല്‍കി. ബീച്ചിനടുത്ത് നിന്ന് ചൈനാനിര്‍മ്മിത ജാക്കറ്റ് 200 രൂപയ്ക്ക് വാങ്ങി. സമുദ്ര ബീച്ചിലെത്തി, തീരംവഴി നടന്ന് വാഴമുട്ടത്തെ കണ്ടല്‍ക്കാട് പ്രദേശമായ ചേന്തിലക്കരയിലെത്തിയെന്നാണ് നിഗമനം. ഈ വഴികളിലൊരിടത്തെയും സി.സി ടി.വി കാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല.

ലിഗയുടെ മരണം അന്വേഷിക്കുന്ന സംഘത്തെ വിപുലീകരിച്ചതിന് പിന്നാലെയാണ് പുതിയ മൊഴി. ഐ.ജി.മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ 25 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. മരണത്തെ കുറിച്ച് ലിഗയുടെ ബന്ധുക്കളടക്കം ആരോപണവുമായി രംഗത്തെത്തിയതാണ് വിശദമായ അന്വേഷണം നടത്താനുള്ള പൊലീസ് തീരുമാനത്തിനു പിന്നില്‍.

മൂന്നു എ.സി.പിമാരെ സംഘത്തിലുള്‍പ്പെടുത്തി അന്വേഷണ സംഘത്തിന്റെ അംഗബലം 25 ആയാണ് ഉയര്‍ത്തിയത്. ഐ.ജി മനോജ് എബ്രഹാം തന്നെ അന്വേഷസംഘത്തെ നയിക്കും. ലിഗ എങ്ങനെ തിരുവല്ലത്തെ കണ്ടല്‍ക്കാട് പ്രദേശത്ത് എത്തി, ആരെങ്കിലും ഒപ്പമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാകും പ്രധാനമായും അന്വേഷിക്കുക.

മരിച്ചത് ലിഗയാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ശാസ്ത്രീയമായി കണ്ടെത്തുന്നതിനായി ഡിഎന്‍എ പരിശോധനയ്ക്കുള്ള സാമ്പിള്‍ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയിലേക്ക് അയച്ചിട്ടുണ്ട്.