കര്‍ണാടകയില്‍ കുമാരസ്വാമി കിങ്‌മേക്കറാകുമെന്ന് അഭിപ്രായ സര്‍വേകള്‍; കോണ്‍ഗ്രസും ബിജെപിയും ഭൂരിപക്ഷം നേടില്ല

single-img
24 April 2018

മെയ് 12ന് നടക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയും കേവല ഭൂരിപക്ഷം നേടില്ലെന്ന് അഭിപ്രായ സര്‍വേ. കര്‍ണാടകയില്‍ തൂക്കുമന്ത്രിസഭ വരുമെന്ന് ടൈംസ് നൗ–വിഎംആര്‍ സര്‍വേ പറയുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ പയറ്റുന്ന ലിംഗായത്ത് കാര്‍ഡ് അവരെ കാര്യമായി സഹായിക്കില്ലെന്നു ടൈംസ് നൗ സര്‍വേ അഭിപ്രായപ്പെടുന്നു.

224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 91, ബിജെപിക്ക് 89 എന്നിങ്ങനെയാണു സീറ്റുകള്‍ ലഭിക്കുക. രണ്ടു സീറ്റിന്റെ മാത്രം വ്യത്യാസം. കേവല ഭൂരിപക്ഷം നേടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത് 113 സീറ്റ്. 40 സീറ്റുകള്‍ നേടുമെന്ന പ്രതീക്ഷിക്കപ്പെടുന്ന ജെഡിഎസ്–ബിഎസ്പി സഖ്യം സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിക്കും.

ജനതാദള്‍ സെക്കുലര്‍ (ജെഡിഎസ്) കിങ് മേക്കര്‍ ആകുമെന്നും റിപ്പോര്‍ട്ടുണ്ട്. 2013ലെ 40 സീറ്റുകളെ അപേക്ഷിച്ച് ബിജെപി നില മെച്ചപ്പെടുത്തുമ്പോള്‍, 122ല്‍ നിന്ന് 91 സീറ്റിലേക്കു കോണ്‍ഗ്രസ് പിന്നിലേക്കു പോകുമെന്നും ടൈംസ് നൗ സര്‍വേ പറയുന്നു. അതേസമയം, ബിജെപിക്ക് 89-95 സീറ്റു കിട്ടുമെന്നാണ് എബിപി–സിഎസ്ഡിഎസ് സര്‍വേ പറയുന്നത്.

ഭരണത്തിലുള്ള കോണ്‍ഗ്രസിന് 85-91 സീറ്റ്. വോട്ടുവിഹിതത്തില്‍ വര്‍ധന സ്വന്തമാക്കുമ്പോഴും കോണ്‍ഗ്രസ് ബിജെപിക്കു പിന്നിലാകും. എച്ച്.ഡി.കുമാരസ്വാമിയുടെ ജെഡിഎസ് 32-38 സീറ്റു നേടി കിങ് മേക്കര്‍ ആകുമെന്ന് എബിപി സര്‍വേയും പ്രവചിക്കുന്നു.

എന്നാല്‍, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ ചൂണ്ടിക്കാട്ടുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ തന്നെയാണ്. ബിജെപിയുടെ ബി.എസ്.യെഡിയൂരപ്പ രണ്ടാമതും എച്ച്.ഡി.കുമാരസ്വാമി മൂന്നാമതുമാണ്.