സിദ്ദരാമയ്യക്കെതിരെ ബി ശ്രീരാമലു ബിജെപി സ്ഥാനാര്‍ത്ഥി; യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്രക്ക് സീറ്റ് നല്‍കാത്തതിനെതിരെ വന്‍ പ്രതിഷേധം

single-img
24 April 2018

മെയ് 12 ന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സിദ്ദരാമയ്യയ്‌ക്കെതിരെ ബദാമി മണ്ഡലത്തില്‍നിന്ന് ബി ശ്രീരാമലു എംപി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. നേരത്തെ ബെല്ലാരി ജില്ലയിലെ സീറ്റ് ശ്രീരാമലു ആവശ്യപ്പെട്ടിരുന്നെങ്കിലും നേതൃത്വം അംഗീകരിച്ചിരുന്നില്ല.

പകരം ശ്രീരാമലു ചിത്രദുര്‍ഗ ജില്ലയിലെ മോലക്കാളുമൂരുവില്‍ സ്ഥാനാര്‍ത്ഥിയാവും എന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇതിനിടയിലാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ ശ്രീരാമലുവിന്റെ പേര് പുറത്തുവന്നിരിക്കുന്നത്. ബിജെപിയുടെ പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടാര്‍ ഹുബ്ബളളി സെന്‍ട്രലില്‍ നിന്നും മുന്‍ ഉപമുഖ്യമന്ത്രി കെ ഇ ഈശ്വരപ്പ ശിവമോഗ മണ്ഡലത്തിലും മത്സരിക്കും. നിലവിലെ എംഎല്‍എമാരില്‍ ഭൂരിഭാഗം പേര്‍ക്കും ടിക്കറ്റ് ലഭിച്ചു.

അതിനിടെ ബി എസ് യെഡിയൂരപ്പയുടെ മകന്‍ വിജയേന്ദ്രക്ക് സീറ്റ് നല്‍കാത്തതില്‍ ബിജെപിയില്‍ വന്‍ പ്രതിഷേധം. സംസ്ഥാനത്തു പലയിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ തുടരുകയാണ്. തര്‍ക്കങ്ങള്‍ മുറുകിയതോടെ വന്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ് പാര്‍ട്ടി നേതൃത്വം.

വരുണ മണ്ഡലത്തില്‍ സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്രയ്‌ക്കെതിരെ യെഡിയൂരപ്പയുടെ മകന്‍ ബി.വൈ വിജയേന്ദ്ര മത്സരിക്കുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ ബിജെപിയുടെ നാലാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലും വിജയേന്ദ്ര ഇടം കണ്ടില്ല. ഇതേത്തുടര്‍ന്ന് തന്റെ കൂടി ആഗ്രഹപ്രകാരമാണ് വിജയേന്ദ്ര വരുണയില്‍ മല്‍സരിക്കാത്തതെന്ന് യെഡിയൂരപ്പ നഞ്ചന്‍ഗൂഡിലെ പൊതുവേദിയില്‍ പ്രഖ്യാപിച്ചതോടെ ബിജെപി പ്രവര്‍ത്തകരുടെ രോഷപ്രകടനം അതിരുവിട്ടു.

വേദിയിലേക്ക് കസേരകള്‍ വലിച്ചെറിഞ്ഞ പ്രവര്‍ത്തകര്‍ യെഡിയൂരപ്പയെ തടഞ്ഞുവച്ചു. ഇതോടെ പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി വീശി. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും പാര്‍ട്ടി ദേശീയ നേതൃത്വത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ മൂന്ന് ആഴ്ചകളായി സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്രക്കെതിരെ വരുണയില്‍ പ്രചാരണത്തിലായിരുന്നു വിജയേന്ദ്ര. വരുണയും ബാദാമിയും ഉള്‍പ്പെടെ നാലിടങ്ങളില്‍ ബിജെപി ഇനിയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനുണ്ട്.